ജമ്മു കശ്മീരിലും ഓപ്പറേഷന്‍ താമര? ബിജെപി അധികാരം പിടിക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണവുമായി ഒമര്‍ അബ്ദുള്ള

 

ജമ്മു കശ്മീരിലും ഭരണം അട്ടിമറിച്ച് ബിജെപി അധികാരം പിടിക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണവുമായി മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. അഭിഭാഷകനായ ബിജെപി നേതാവ് നാഷണല്‍ കോണ്‍ഫറന്‍സ് എംഎല്‍എമാരെ സമീപിച്ചെന്നും, 20 മുതല്‍ 30 കോടി വരെ വാഗ്ദാനം ചെയ്‌തെന്നും ആരോപണം. സംസ്ഥാന പദവിയും മന്ത്രി സ്ഥാനവും എംഎല്‍എമാര്‍ക്ക് വാഗ്ദാനം ചെയ്തു. പിന്‍വാതിലിലൂടെ അധികാരത്തില്‍ എത്താന്‍ ബിജെപിക്ക് കഴിയില്ലെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.

 

 

നാഷണല്‍ കോണ്‍ഫറന്‍സിനെ പിളര്‍ത്താന്‍ ശ്രമം നടക്കുന്നുവെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു. പണവും മന്ത്രിസ്ഥാനങ്ങളും വാഗ്ദാനം ചെയ്തുള്ള പ്രലോഭനങ്ങള്‍ ഫലിക്കാതെ വന്നതോടെ, ‘ഞങ്ങളോടൊപ്പം വരൂ, ഞങ്ങള്‍ നിങ്ങള്‍ക്ക് സംസ്ഥാന പദവി വാങ്ങിത്തരാം’ എന്നാണ് ബിജെപി ഇപ്പോള്‍ എന്റെ എംഎല്‍എമാരോട് പറയുന്നത്. 20 മുതല്‍ 30 കോടി രൂപ വരെയും ഒരു മന്ത്രിസ്ഥാനവും സംസ്ഥാന പദവി പുനഃസ്ഥാപിച്ചു നല്‍കുകയും ചെയ്യാമെന്ന് ബിജെപി നേതാക്കള്‍ വാഗ്ദാനം നകിയതായി ജമ്മുവില്‍ നിന്നുള്ള ഒരു എംഎല്‍എ എന്നോട് പറഞ്ഞു. അവരുടെ വിശ്വാസം അത്രയും വിലകുറഞ്ഞതാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ – അദ്ദേഹം ചോദിച്ചു.

 

ഉമറിന്റെ അവകാശവാദം അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവുമെന്ന് ബിജെപി തിരിച്ചടിച്ചു.