ഇറാന്‍ ആക്രമണം; ബഹ്റൈനില്‍ അപായ മുന്നറിയിപ്പ് നല്‍കി ആഭ്യന്തര മന്ത്രാലയം

 

ബഹ്‌റൈനില്‍ ഇറാന്‍ ആക്രമണം. ആഭ്യന്തര മന്ത്രാലയം അപായ മുന്നറിയിപ്പ് നല്‍കി. സൈറനുകള്‍ മുഴങ്ങിയിട്ടുണ്ടെന്നും പൗരന്മാരും മറ്റുള്ളവരും അടുത്തുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക വിവരങ്ങള്‍ മാത്രം പിന്തുടരാനും നിര്‍ദേശമുണ്ട്.

 

 

ഇറാന്‍ സൈപ്രസ് പതാകയുള്ള കപ്പല്‍ ആക്രമിച്ചതിന് പിന്നാലെ അമേരിക്ക ആക്രമണം പുനരാരംഭിച്ചിരുന്നു. ബന്ദര്‍ അബ്ബാസിലും ഖഷാം ദ്വീപിലും സിരിക്കിലും സ്ഫോടനങ്ങളുണ്ടായി. ഈയാഴ്ച ഇറാനെതിരെ അമേരിക്ക നടത്തുന്ന മൂന്നാം വട്ട ആക്രമണം ആണ് ഇത്. യു എസ് സെന്‍ട്രല്‍ കമാന്‍ഡ് ആക്രമണം സ്ഥിരീകരിച്ചു.

 

ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. ഇറാന്‍ അംഗീകരിക്കാത്ത ഒരു പാതയിലൂടെയും കപ്പലുകള്‍ കടക്കാന്‍ ശ്രമിക്കരുതെന്നും ഐആര്‍ജിസി മുന്നറിയിപ്പ് നല്‍കി. ഹോര്‍മൂസ് കടലിടുക്കിലൂടെ സഞ്ചരിച്ച കപ്പലിന് നേരെ വെടിവെപ്പ് നടത്തിയതായി ഇറാന്‍ സ്ഥിരീകരിച്ചു. മേഖലയിലെ അമേരിക്കന്‍ ഇടപെടലുകള്‍ പൂര്‍ണ്ണമായി അവസാനിക്കുന്നത് വരെ ഹോര്‍മൂസ് കടലിടുക്ക് അടച്ചിടുമെന്നാണ് ഇറാന്റെ നിലപാട്.