കേരളാ സർവകലാശാല രജിസ്ട്രാർ ഡോക്ടർ കെ എസ് അനിൽകുമാറിന് തിരിച്ചടി. കെ എസ് അനിൽകുമാറിന്റെ സസ്പെൻഷൻ തുടരും. കേരള സർവകലാശാലയിലെ ആർഎസ്എസ് പിരിപാടി വിവാദങ്ങൾക്ക് പിന്നാലെയാണ് വിസി കെ എസ് അനിൽകുമാറിനെ സസ്പെൻഡ‍് ചെയ്തത്. എന്നാൽ സിൻഡിക്കേറ്റ് യോഗം ചേർന്ന് സസ്പെൻഷൻ റദ്ദ് ചെയ്തിരുന്നു. ഈ തീരുമാനത്തെ വിസി അംഗീകരിച്ചിരുന്നില്ല.
മിനി കാപ്പനെ പകരം രജിസ്ട്രാർ ആയി വിസി നിയമിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് കെഎസ് അനിൽകുമാർ ഹൈക്കോടതിയെ സമീപിച്ചത്. ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്നും തൻ്റെ ഓഫീസ് നിയന്ത്രണത്തിലാക്കുന്നുവെന്നും തുടങ്ങിയ ഗുരുതരമായ വാദങ്ങളാണ് ഹർജിയിൽ അനിൽ കുമാർ ഉന്നയിച്ചത്. എന്നാൽ ഹൈക്കോടതി ഈ വാദങ്ങളെല്ലാം പൂർണമായി തള്ളുകയായിരുന്നു.
വിസി പറഞ്ഞ കാര്യത്തിൽ വസ്തുതയുണ്ടെന്ന അടിസ്ഥാനത്തിലാണ് സസ്പെൻഷൻ നടപടി നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. ജസ്റ്റിസ് ടിആർ രവിയുടെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. അടിയന്തരമായി സിൻഡിക്കേറ്റ് യോഗം വിളിച്ച് ഇതുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.