രാഹുൽ ഗാന്ധിയുടെ വോട്ട് ക്രമക്കേട് ആരോപണം നാടകമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനങ്ങളെക്കുറിച്ചും രീതികളെക്കുറിച്ചും രാഹുലിന് അറിയില്ല. കോൺഗ്രസ് പ്രവർത്തകരുടെ ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് ഇത്തരം കാര്യങ്ങൾ പറയുന്നതെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. വർഷത്തിൽ 6, 7 തവണ വെക്കേഷന് വിദേശത്തേക്ക് പോകുന്ന ആളാണ് രാഹുൽ ഗാന്ധി. എത്ര നുണയും നാടകവും രാഹുൽ ഗാന്ധി പറഞ്ഞിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയോടും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. സുരേഷ് ഗോപിയെ കാണാനില്ലെന്ന് പറഞ്ഞ പിതാവിനോട് താൻ സംസാരിക്കാം. സുരേഷ് ഗോപി ഇല്ലെങ്കിലും ഞങ്ങൾ കൂടെയുണ്ടാകുമെന്ന് അദ്ദേഹത്തെ നാളെ നേരിൽകണ്ട് ചെന്ന് പറയാം. സുരേഷ് ഗോപി എംപി മാത്രമല്ലല്ലോ കേന്ദ്രമന്ത്രിക്ക് അവരുടേതായ മറ്റുപല തിരക്കുകളും ഇല്ലേയെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
കേന്ദ്രമന്ത്രിയും തൃശൂരിൽ നിന്നുള്ള എംപിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയുമായി കെഎസ്‍യു തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂർ രംഗത്തെത്തിയിരുന്നു. കന്യാസ്ത്രീകള്‍ ജയിലിലായ ഘട്ടത്തിലൊക്കെയും അവരെ മോചിപ്പിക്കാന്‍ സുരേഷ് ഗോപി ഇടപെടണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ആ സമയം സുരേഷ് ഗോപിയെ മണ്ഡലത്തില്‍ ഒരിടത്തും കണ്ടില്ലെന്നതിലെ പ്രതിഷേധമാണ് കെഎസ്‌യു ഈ വിധത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
കേന്ദ്രസഹമന്ത്രിയും തൃശ്ശൂര്‍ എംപിയും ചലച്ചിത്ര താരവുമായ സുരേഷ് ഗോപിയുടെ തിരോധാനത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കണമെന്നാണ് കെഎസ്‌യുവിന്റെ പരാതിയില്‍ പറയുന്നത്. സുരേഷ് ഗോപിയെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പരാതി വ്യാപക ചര്‍ച്ചയാകുകയാണ്.