Headlines

ഫ്രൈഡേ ഫിലിം പ്രൊഡക്ഷൻസിന്റെ പേരിൽ മത്സരിക്കണമെന്ന് സാന്ദ്ര തോമസ് വാശിപിടിക്കുന്നത്തിന്റെ അടിസ്ഥാനം എന്താണ്?; വിജയ് ബാബു

നിർമ്മാതാക്കളുടെ സംഘടനാ തലപ്പത്തേക്ക് മത്സരിക്കാൻ ഫ്രൈഡേ ഫിലിം പ്രൊഡക്ഷൻ ബാനർ ചൂണ്ടിക്കാട്ടിയ സാന്ദ്രാ തോമസിനെ പൂർണമായും തള്ളി നടനും നിർമ്മാതാവുമായ വിജയ് ബാബു. 2016 ൽ രാജിവെച്ചുപോയ സാന്ദ്ര, ഫ്രൈഡേ കമ്പനിയുടെ അവകാശം ഉപയോഗിച്ച് മത്സരിക്കണമെന്ന് വാശിപിടിക്കുന്നതിന്റെ അടിസ്ഥാനമെന്തെന്ന് നടൻ വിജയ് ബാബു ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കഴിഞ്ഞ 10 വർഷകാലമായി സാന്ദ്രയ്ക്ക് തന്റെ കമ്പനിയുമായി യാതൊരു ബന്ധവുമില്ല, സ്വന്തം സ്ഥാപനത്തെ പ്രതിനിധീകരിച്ച് വേണം സംഘടനാ തലപ്പത്തേക്ക് മത്സരിക്കാൻ. എല്ലാം കോടതി വഴി നടക്കട്ടെയെന്നും വിജയ് ബാബു പ്രതികരിച്ചു.
അതേസമയം, വിജയ് ബാബുവിന് മറുപടിയുമായി സാന്ദ്ര തോമസും രംഗത്തെത്തി. താൻ 2016 വരെ ഫ്രൈഡേ ഫിലിം ഹൗസിന്റെ മാനേജിങ് പാർട്ണർ ആയിരുന്നു എന്ന് വിജയ്ബാബു സമ്മതിച്ചു കഴിഞ്ഞിരിക്കുന്നു , മറ്റൊരു അർത്ഥത്തിൽ ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരിൽ 2016 വരെ പുറത്തുവന്ന സെൻസർഷിപ് ക്രെഡിറ്റും മാനേജിങ് പാർട്ണർ ആയിരുന്ന എന്റെ പേരിലാണെന്നും ഇതിൽനിന്നും വ്യക്തമാണെന്നുമായിരുന്നു സാന്ദ്രയുടെ പ്രതികരണം.

നിയമം പരിശോധിക്കുന്നത് വിജയ്ബാബുവിന്റെ സർട്ടിഫിക്കറ്റ് അല്ല, മറിച്ച്‌ അസോസിയേഷന്റെ ബെലോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആണ് നിയമത്തിന്റെ കണ്ണിൽ എങ്ങനെ എന്നുള്ളതാണ്, അത് കോടതി വിലയിരുത്തും . ആർക്കോ വേണ്ടി ഓക്കാനിക്കുന്നവർ സൂക്ഷ്മത പുലർത്തിയാൽ സമൂഹത്തിൽ അപഹാസ്യരാവാതിരിക്കാമെന്ന് ഓർത്താൽ നന്നെന്നും സാന്ദ്ര മറുപടി പറഞ്ഞു.

ഈ മാസം 14നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹി തിരഞ്ഞെടുപ്പ് നടക്കുക. അമ്മയിലെ തിരഞ്ഞെടുപ്പ് 15 നും നടക്കും. അമ്മ തലപ്പത്തേക്ക് ആര് എന്നറിയാൻ ഒരാഴ്ച ബാക്കി നിൽക്കേ നടി ശ്വേത മേനോന് പിന്തുണയുമായി മന്ത്രി സജി ചെറിയാൻ എത്തി. ശ്വേത മേനോനെതിരായ കേസിന് കാരണം സിനിമ സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങളെന്ന് മന്ത്രി വ്യക്തമാക്കി.