Headlines

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; സംസ്ഥാനത്തെ ഏഴു ജില്ലകളിലെ തദ്ദേശസ്ഥാപനങ്ങള്‍ ഇന്ന് ജനവിധി തേടും

തദ്ദേശ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകള്‍ ഇന്ന് പോളിങ്ങ് ബൂത്തിലേക്ക്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുളള തെക്കന്‍ ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

ദക്ഷിണ കേരളത്തിലെ 471 ഗ്രാമപഞ്ചായത്തുകള്‍ 75 ബ്‌ളോക്ക് പഞ്ചായത്തുകള്‍ ,39 മുന്‍സിപ്പാലിറ്റികള്‍ 7 ജില്ലാ പഞ്ചായത്തുകള്‍, 3 കോര്‍പ്പറേഷനുകള്‍
എന്നിവിടങ്ങളിലെ 11168 വാര്‍ഡുകളിലെ വോട്ടര്‍മാരാണ് ഇന്ന് പോളിങ്ങ് ബൂത്തിലെത്തുന്നത്. ഒന്നാം ഘട്ട വോട്ടെടുപ്പിനായി 15432 പോളിങ്ങ് ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. .വോട്ടിങ്ങ് യന്ത്രങ്ങളടക്കം, ഏറ്റു വാങ്ങിയ സാമഗ്രികളുമായി പോളിങ്ങ് ഉദ്യോഗസ്ഥര്‍ പോളിങ്ങ് ബൂത്തുകളിലേക്ക് എത്തിയിട്ടുണ്ട്.

രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. 6 മണിക്ക് മോക് പോളിങ്ങ് തുടങ്ങും. ഒന്നാംഘട്ടത്തില്‍ 7 ജില്ലകളിലായി 6251219 പുരുഷന്മാരും 7032444 സ്ത്രീകളും 126 ട്രാന്‍സ്‌ജെന്‍ഡറുകളും ഉള്‍പ്പെടെ 13283789 വോട്ടര്‍മാരാണ് സമ്മതിദാനാവാകാശം വിനിയോഗിക്കുന്നത്.

ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ 480 പ്രശ്‌നബാധിത ബൂത്തുകള്‍ ഉണ്ട്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും അധിക പ്രശ്‌നബാധിത ബൂത്തകളുളളത്. ജില്ലയിലെ 186 ബൂത്തുകളിലാണ് പ്രശ്‌നസാധ്യതയുളളത്. പ്രശ്‌നബാധിത ബൂത്തുകളില്‍ അധികസുരക്ഷയും വെബ് കാസ്റ്റിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്.