കേരളത്തിൽ 838 പ്രശ്‌നബാധിത ബൂത്തുകളെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ; ഇതിലേറെയും കണ്ണൂർ, കാസർകോട് ജില്ലകളിൽ

നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 838 പ്രശ്‌നബാധിത ബൂത്തുകളുണ്ടെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക റിപ്പോർട്ട്. ഒരു സ്ഥാനാർഥിക്ക് 75 ശതമാനത്തിലധികം വോട്ടുകൾ ലഭിക്കുന്ന 359 ബൂത്തുകളുണ്ടെന്നും കമ്മീഷന്റെ റിപ്പോർട്ടിൽ പറയുന്നു

കള്ളവോട്ടുകൾ, സമ്മർദം ചെലുത്തി വോട്ട് ചെയ്യിപ്പിക്കൽ തുടങ്ങിയ ക്രമക്കേടുകൾ നടക്കുന്ന 838 ബൂത്തുകളുണ്ട്. മുൻ തെരഞ്ഞെടുപ്പുകലിലെ അനുഭവം കൂടി കണക്കിലെടുത്താണ് പ്രശ്‌നബാധിത ബൂത്തുകളുടെ എണ്ണം കണക്കാക്കിയത്. ഇവിടങ്ങളിൽ വെബ് കാസ്റ്റിംഗ് അടക്കമുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തും.

പ്രശ്‌നബാധിത ബൂത്തുകളിലേറെയും കണ്ണൂർ, കാസർകോട് ജില്ലകളിലാണ്. നിലവിൽ തയ്യാറാക്കിയിരിക്കുന്നത് പ്രാഥമിക റിപ്പോർട്ടാണെന്നും അന്തിമ റിപ്പോർട്ട് വരുമ്പോഴേക്കും പ്രശ്‌നബാധിത ബൂത്തുകളുടെ എണ്ണം വർധിച്ചേക്കാമെന്നും കമ്മീഷൻ പറയുന്നു. കൊവിഡ് വ്യാപനം കൂടി കണക്കിലെടുത്ത് കേരളത്തിൽ വിവിധ ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടത്താനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആലോചിക്കുന്നുണ്ട്.