നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇത്തവണ പോളിംഗ് ബൂത്തുകളുടെ എണ്ണം വർധിപ്പിക്കാൻ സാധ്യത. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബീഹാറിൽ വിജയകരമായി നടപ്പാക്കിയ മാതൃക ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബൂത്തുകളുടെ എണ്ണം വർധിപ്പിക്കുന്നത്.
കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കൊവിഡ് പ്രതിരോധ മാർഗരേഖ കർശനമായി നടപ്പാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രസർക്കാരിനെ അറിയിച്ചു. ബീഹാറിൽ നടപ്പാക്കി വിജയിച്ച മാർഗരേഖ മറ്റ് സംസ്ഥാനങ്ങളിലും നടപ്പാക്കാനാണ് കമ്മീഷൻ ആലോചിക്കുന്നത്.
സാമൂഹിക അകലം പാലിച്ച് വോട്ടെടുപ്പ് നടത്താൻ ബീഹാറിൽ പോളിംഗ് ബൂത്തുകളുടെ എണ്ണം 63 ശതമാനമായി വർധിപ്പിച്ചിരുന്നു. 2016ൽ കേരളത്തിൽ 21500 ത്തോളം പോളിംഗ് ബൂത്തുകളാണ് ഉണ്ടായിരുന്നത്. ഇതിൽ എത്രത്തോളം വർധനവ് വേണമെന്നത് ജനുവരി 21ന് സംസ്ഥാനം സന്ദർശിക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോർട്ട് ലഭിച്ച ശേഷം തീരുമാനിക്കും
കേരളത്തിൽ ഏറ്റവും കൂടുതൽ പ്രശ്‌നബാധിത ബൂത്തുകളുള്ള കണ്ണൂർ ജില്ലയിലെ ഉദ്യോഗസ്ഥരുമായി ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണർ സുധീപ് ജെയിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം പ്രത്യേകം ചർച്ച നടത്തും.