തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും.ഇന്നലെ വൈകിട്ട് മൂന്ന് മണി വരെയായിരുന്നു പത്രികാ സമര്‍പ്പണത്തിനുള്ള സമയം. 234 മണ്ഡലങ്ങളിലുമായി 4574 പത്രികകളാണ് സമര്‍പ്പിയ്ക്കപ്പെട്ടത്.ഒന്‍പതാണ് പത്രിക പിന്‍വലിയ്ക്കാനുള്ള അവസാന തീയതി. (Tamil Nadu Assembly Elections: Scrutiny of nomination papers today)
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസാമി, മുന്‍മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം, ഡിഎംഡികെ അധ്യക്ഷ പ്രേമലത വിജയകാന്ത്, കേന്ദ്രമന്ത്രി എല്‍ മുരുകന്‍, മുന്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍, ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ തുടങ്ങിയ പ്രമുഖര്‍ ഇന്നലെയാണ് പത്രിക സമര്‍പ്പിച്ചത്. കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന പുതുച്ചേരിയില്‍ പരസ്യ പ്രചാരണം ഇന്ന് അവസാനിയ്ക്കും.ഇന്നലെ കേന്ദ്രമന്ത്രി അമിത്ഷാ, തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി എന്നിവര്‍ പുതുച്ചേരിയില്‍ പ്രചാരണം നടത്തി. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഇന്ന് സീര്‍കാഴിയിലും കടലൂരും പ്രചാരണം നടത്തും.അതേസമയം അസം നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. എന്‍ഡിഎയുടെ പ്രചാരണങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നയിക്കുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പ്രതിപക്ഷ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുക. അതേസമയം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ ഭാര്യക്കെതിരായ ആരോപണത്തില്‍ വാദപ്രതിവാദങ്ങള്‍ തുടരുകയാണ്. കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരക്കെതിരെ ഹിമന്ത ബിശ്വ ശര്‍മ അപകീര്‍ത്തി കേസ് നല്‍കി. അതേസമയം ബംഗാളില്‍ കോണ്‍ഗ്രസ് ഇന്ന് പ്രകടനപത്രിക പുറത്തിറക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പത്രിക പുറത്തിറക്കുക. ഇത്തവണ സഖ്യമില്ലാതെ 294 സീറ്റിലും കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കുകയാണ്.







