Headlines

ചൈനയുടെ വെട്ടിപ്പിന് ഇന്ത്യ കൂട്ടുനിന്നെന്ന് യുഎസ്; 40 രാജ്യങ്ങൾ നോട്ടപ്പുള്ളി, യുഎസിന്റെ വാക്കിൽ ഇടിഞ്ഞ് എണ്ണ, സ്വർണവും താഴേക്ക്, കുതിപ്പിന് ഓഹരി

യുഎസിന്റെ പ്രസിഡന്റായി രണ്ടാമതും സ്ഥാനമേറ്റശേഷം ഡോണൾഡ് ട്രംപ് തുടങ്ങിവച്ച തീരുവയുദ്ധം ഇനി പുതിയതലത്തിലേക്ക്. യുഎസ് ചുമത്തിയ ഇറക്കുമതി തീരുവ വെട്ടിക്കാൻ ചൈന പയറ്റിയ തന്ത്രത്തിന് ഇന്ത്യ ഉൾപ്പെടെ 40 രാജ്യങ്ങൾ കൂട്ടുനിന്നതായി യുഎസ് ആരോപിച്ചു.

2018 മുതൽ ചൈന ഈ തട്ടിപ്പ് നടത്തുന്നുണ്ടെന്ന് ട്രംപിന്റെ ഉപദേശകനും ഇന്ത്യയെ സ്ഥിരമായി വിശമർശിക്കുന്നയാളുമായ പീറ്റർ നവാരോ ആരോപിച്ചു. ട്രംപ് ചൈനയ്ക്കുമേൽ സെക്ഷൻ 301 പ്രകാരം, കയറ്റുമതി തിരിമറിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചനാൾ മുതൽ‌ ചൈന ഈ വെട്ടിപ്പ് നടത്തുകയാണ്. ഏതാണ്ട് 4000 കോടി ഡോളർ (ഏകദേശം 3.85 ലക്ഷം കോടി രൂപ) മുതൽ 30,300 കോടി ഡോളറിന്റെ (29 ലക്ഷം കോടി രൂപ) വരെ അനധികൃത കയറ്റുമതിയാണ് ഇതുവഴി ചൈന യുഎസിലേക്ക് നടത്തിയതെന്നും നവാരോ ആരോപിക്കുന്നു.‘‘വർഷങ്ങളായി കമ്യൂണിസ്റ്റ് ചൈന ഈ കയറ്റുമതി തട്ടിപ്പ് നടത്തുകയാണ്. 40 രാജ്യങ്ങളിലൂടെയാണ് തട്ടിപ്പ്. യുഎസിന്റെ വലിയ വ്യാപാര പങ്കാളികളായ ഇന്ത്യ, ജപ്പാൻ, യൂറോപ്യൻ യൂണിയൻ, കാനഡ, ദക്ഷിണ കൊറിയ, മെക്സിക്കോ എന്നിവയും ഇതിന് കൂട്ടുനിൽക്കുകയാണ്’’ – നവാരോ പറഞ്ഞു. റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിലാണ് നവാരോ നേരത്തേ ഇന്ത്യയ്ക്കെതിരെ ആഞ്ഞടിച്ചത്. യുക്രെയ്നിൽ നടക്കുന്നത് ‘മോദിയുടെ യുദ്ധം’ ആണെന്നും ഇന്ത്യയ്ക്ക് ക്രൂഡോയിൽ നൽകി പുട്ടിൻ നേടുന്നത് ‘ചോരപ്പണം’ ആണെന്നും നവാരോ വിമർശിച്ചിരുന്നു.

ലേബലുകൾ മാറ്റിയൊട്ടിച്ചും പായ്ക്കേജുകളും ഇൻവോയ്സുകളും മാറ്റിയുമാണ് ചൈന കയറ്റുമതി തട്ടിപ്പ് നടത്തുന്നതെന്ന് നവാരോ ആരോപിച്ചു. യുഎസ് ചെറിയ കയറ്റുമതി തീരുവ ചുമത്തുന്ന രാജ്യങ്ങൾ വഴിയാണ് ഈ കയറ്റുമതി തിരിമറി. ഇതുവഴി ചൈന വലിയതോതിൽ തീരുവയിളവ് സ്വന്തമാക്കി, ലാഭം നേടുകയാണ്. തൊഴിലാളിചൂഷണം നടത്തിയും ചൈന നേട്ടമുണ്ടാക്കുകയാണെന്ന് നവാരോ ആരോപിക്കുന്നു.ഇന്ത്യ വഴി നടക്കുന്ന കയറ്റുമതി തട്ടിപ്പിന് ഉദാഹരണവും നവാരോ മുന്നോട്ടുവച്ച റിപ്പോർട്ടിലുണ്ട്. ചൈനീസ് നിർമിത പമ്പ് സെറ്റ് പൂനെയിൽ നിന്ന് ‘ഇന്ത്യൻ പമ്പ്’ എന്ന പേരിലാണ് യുഎസിൽ എത്തുന്നത്രെ. വെട്ടിപ്പ് തടയാൻ എഐ അധിഷ്ഠിത ട്രാക്കിങ് ഉപയോഗിക്കാനാണ് ഇപ്പോൾ ശ്രമമെന്നും നവാരോ പറഞ്ഞു.