വെള്ളാപ്പള്ളി നടേശനെ ചുമക്കുന്നത് ഇടതുമുന്നണിക്ക് ബാധ്യതയാകുമെന്ന് സിപിഐ.
പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് സിപിഐയുടെ മുന്നറിയിപ്പ്. എസ്‌എൻഡിപി യോഗം കേരള ചരിത്രത്തിന്റെ ഭാഗമാണ്. അത്തരം ഇടപെടലല്ല ഇപ്പോൾ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിനു കീഴിൽ നടക്കുന്നത്. അവരുമായുള്ള ചങ്ങാത്തം മതന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിനെതിരെ സംശയമുയരാൻ ഇടയാക്കുമെന്നും സിപിഐ ചൂണ്ടിക്കാട്ടി.പിണറായി– വെള്ളാപ്പള്ളി സഖ്യം ന്യൂനപക്ഷത്തെ അകറ്റിയെന്നും സിപിഐ വിമർശിച്ചിരുന്നു. ഭൂരിപക്ഷ വോട്ട് കിട്ടുമെന്നു വിചാരിച്ചാകും രണ്ടുപേരും കൂടി ഇതെല്ലാം ചെയ്തത്. ന്യൂനപക്ഷം ശത്രുക്കളുമായി. എല്ലാം പിണറായി തിരുമാനിക്കുന്നതു കൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നതെന്നും വിമർശനം ഉയർന്നിരുന്നു.
മലപ്പുറവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗിനെതിരെ വെള്ളാപ്പള്ളി നിരന്തരം നടത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനം ഉയരുന്നതിനിടെയാണ് സിപിഐയുടെ പ്രതികരണം. വെള്ളാപ്പള്ളിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ അടുപ്പം തുടരുമ്പോഴും വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങളെ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല.







