Headlines

ആരാണ് ചതിയൻ ചന്തു? വെള്ളാപ്പള്ളി നടേശനും സി പി ഐയും തമ്മിൽ പോര്

എസ് എൻ ഡി പി ജന.സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സി പി ഐയും തമ്മിൽ പോർമുഖം തുറന്നിരിക്കുന്നു. ഒപ്പം നിന്ന് ചതിച്ച ചതിയൻ ചന്തുവാണ് സി പി ഐ എന്ന വെള്ളാപ്പള്ളി നടേശന്റെ പരാമർശമാണ് വിവാദങ്ങൾക്ക് വഴിതുറന്നിരിക്കുന്നത്. സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വെള്ളാപ്പള്ളിക്കെതിരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചതോടെ പോര് കനക്കാനുള്ള സാധ്യതയാണ് ഉണ്ടായിരിക്കുന്നത്.പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിൽ മുഖ്യമന്ത്രിയുടെ കാറിൽ വെള്ളാപ്പള്ളി നടേശൻ വന്നിറങ്ങിയത് തിരിച്ചടിക്ക് കാരണമായെന്ന സി പി ഐയുടെ വിലയിരുത്തലാണ് പ്രകോപനത്തിന് വഴിതുറന്നിരിക്കുന്നത്. ഭരണത്തിൽ പങ്കാളിയായി എല്ലാ സൗകര്യങ്ങളും ഉപയോഗിച്ച പാർട്ടിയാണ് സി പി ഐ എന്നാണ് വെള്ളാപ്പള്ളിയുടെ ആരോപണം. മുഷ്ടിചുരുട്ടിപ്പറയും മൂന്നാമതും കേരളത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രിയാവുമെന്ന് എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. താൻ താഴ്ന്ന ജാതിക്കാരനായതിനാലാണ് മുഖ്യമന്ത്രിയുടെ കാറിൽ കയറിയത് വലിയ കുറ്റമായി മാറുന്നതെന്നും, ഉന്നത ജാതിയിൽപെട്ടയാളായിരുന്നു മുഖ്യമന്ത്രിക്കൊപ്പം സഞ്ചരിച്ചിരുന്നതെങ്കിൽ ഇത്തരം പഴിയൊന്നും കേൾക്കേണ്ടിവരില്ലായിരുന്നുവെന്നും വെള്ളാപ്പള്ളി ആരോപിച്ചു. വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ ഔദ്യോഗിക കാറിൽ സഞ്ചരിച്ചതുമായുള്ള വിവാദത്തിൽ പിണറായി വിജയൻ നേരത്തെ വിശദീകരണം നൽകിയിരുന്നു. വീണ്ടും ഇത് ചർച്ചയായതിലാണ് വെള്ളാപ്പള്ളി ക്ഷുഭിതനായതും, സി പി ഐക്കെതിരെ ചതിയൻ ചന്തു പ്രയോഗവുമായി രംഗത്തുവരികയും ചെയ്തത്.

സി പി ഐ ഒരുമിച്ച് നിന്ന് ചതിക്കുകയാണെന്നും ചതിയൻ ചന്തുവാണ് സി പി ഐ എന്നും വെള്ളാപ്പള്ളി നടത്തിയ ആരോപണമാണ് സി പി ഐയെ ചൊടിപ്പിച്ചത്. എന്നാൽ സി പി ഐക്കല്ല ആ തലപ്പാവ് ചേരുകയെന്നും, വെള്ളാപ്പള്ളിയല്ല എൽ ഡി എഫ് എന്നും യഥാർത്ഥ ചതിയൻ ചന്തു വെള്ളാപ്പള്ളിയാണെന്നുമായിരുന്നു ബിനോയ്‌ വിശ്വത്തിന്റെ തിരിച്ചടി.

സി പി ഐ – വെള്ളാപ്പള്ളി വിവാദം കൊഴുത്താൻ അത് എൽ ഡി എഫ് ജാഥയ്ക്ക് തിരിച്ചടിയാവുമോ എന്ന ആശങ്ക എൽ ഡി ഡി എഫ് നേതാക്കൾക്കുണ്ട്. തെക്കൻ ജില്ലകളിൽ സ്വാധീനമുള്ള എസ് എൻ ഡി പി എന്ത് നിലപാട് സ്വീകരിക്കുമെന്നുള്ള ആശങ്കയും സി പി ഐ എം നേതാക്കൾക്കുണ്ട്. തദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയിൽ നിന്നും ജനശ്രദ്ധ മാറ്റാനും, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നണിയെ ശക്തിപ്പെടുത്താനുമായി മൂന്ന് മേഖലാ ജാഥകളാണ് എൽഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. ഇതിൽ തെക്കൻ മേഖലാ ജാഥയുടെ ക്യാപ്റ്റൻ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ്.

മലപ്പുറം, കാസർകോട്, വയനാട് ജില്ലകളിൽ തങ്ങൾക്ക് സകൂളുകൾ ആരംഭിക്കാൻ കഴിയാത്തത് പ്രത്യേക സാഹചര്യത്തിലാണെന്ന വെള്ളാപ്പള്ളിയുടെ ആരോപണം സംബന്ധിച്ച് മാധ്യമ പ്രവർത്തകരുമായും വെള്ളാപ്പള്ളി പ്രകോപനമുണ്ടായി. സർക്കാരല്ലേ സ്‌കൂളുകൾ അനുവദിക്കേണ്ടതെന്നും, കേരളത്തിൽ കഴിഞ്ഞ ഒൻപതുവർഷമായി പിണറായി വിജയൻ സർക്കാരല്ലേ പ്രവർത്തിക്കുന്നതെന്ന ചോദ്യത്തിൽ നിന്നും വെള്ളാപ്പള്ളി ഒഴിഞ്ഞു മാറാൻ ശ്രമിച്ചു. ചോദ്യം വീണ്ടും ആവർത്തിതിൽ വെള്ളാപ്പള്ളി പ്രകോപിതനായി മാധ്യമപ്രവർത്തകരെ തള്ളിമാറ്റുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

കേരളത്തിൽ എന്തും എപ്പോഴും പറയാൻ ലൈസൻസുള്ളൊരു സമുദായ നേതാവാണ് വെള്ളാപ്പള്ളി നടേശൻ. അത് വർഗീയതയും രാഷ്ട്രീയവും എന്തിലും ഒരു വെള്ളാപ്പള്ളി ശൈലിയുണ്ടാവും. എസ് എൻ ഡി പി യോഗം ജന.സെക്രട്ടറിയെന്ന നിലയിൽ വെള്ളാപ്പള്ളി നടേശൻ എല്ലാകാലത്തും വിവാദങ്ങളുടെ ഒപ്പമാണ് സഞ്ചരിച്ചിരുന്നത്. വിവാദപരമായ പ്രസ്താവനകൾ നടത്തുന്നതിലും വെള്ളാപ്പള്ളിക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. മുസ്സിംലീഗിനെതിരെയാണ് കഴിഞ്ഞ കുറച്ചുകാലമായി അദേഹത്തിന്റെ രാഷ്ട്രീയ ഇര. വർഗീയ പരാമർശം തുടർച്ചയായി നടത്തിയിരുന്നത്. ഇതെല്ലാം എൽ ഡി എഫിന് തിരിച്ചടിയുണ്ടാക്കിയെന്ന നിലപാടിലാണ് സി പി ഐ. ഇതാണ് സി പി ഐ ക്കെതിരെ വെള്ളാപ്പള്ളി തിരിയാൻ കാരണം.