ഫാറൂഖ് അബ്ദുല്ലയ്‌ക്കെതിരെയുണ്ടായ വധശ്രമത്തില്‍ ഭീകരാക്രമണ സാധ്യത തള്ളിക്കളഞ്ഞ് പൊലീസ്. പ്രതി കമല്‍ജിത്ത് സിംഗ് ജാംവാളിന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയോട് വ്യക്തിവിരോധം ഉണ്ടായിരുന്നു. ഇരുപത് വര്‍ഷമായി ഫാറൂഖ് അബ്ദുല്ലയെ വകവരുത്താന്‍ ആഗ്രഹിച്ചിരുന്നതായും പ്രതി പൊലീസിനോട് പറഞ്ഞു. സ്വന്തം ലൈസന്‍സ്ഡ് റിവോള്‍വള്‍ ഉപയോഗിച്ചാണ് പ്രതി വെടിയുതിര്‍ത്തത്. ആക്രമണ സമയത്ത് കമല്‍ജിത്ത് മദ്യപിച്ചിരുന്നതായും പൊലീസ് വ്യക്തമാക്തി. ജമ്മുവില്‍ പ്രതിയുടെ വീടും ഉടമസ്ഥതയിലുള്ള സ്ഥലങ്ങളും കേന്ദ്രീകരിച്ച് പൊലീസ് റെയ്ഡുകള്‍ തുടരുകയാണ്. കമല്‍ജിത്തിനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടുകയാണ് പൊലീസ്.
അതേസമയം കേന്ദ്ര മന്ത്രി അമിത് ഷാ ഫാറൂഖ് അബ്ദുല്ലയെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. പ്രതിയെ അറിയില്ല എന്നാണ് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. കല്യാണ ചടങ്ങിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ വെടി ശബ്ദം കേട്ടു.പിന്നീടാണ് തനിക്ക് നേരെ രണ്ടുതവണ വെടിയുതിർത്തതാണെന്ന് അറിഞ്ഞത്.വധശ്രമത്തിന് ശേഷം ആദ്യമായി മാധ്യമങ്ങളെ കാണുകയായിരുന്നു മുൻ മുഖ്യമന്ത്രി.






