Headlines

‘ആഗോള അയ്യപ്പ സംഗമം കട്ട മുതൽ സംരക്ഷിക്കാനുളള കവചം; സ്വർണം ചെമ്പാക്കുന്ന മായ വിദ്യ സർക്കാരിനറിയാം’; കെ സി വേണുഗോപാൽ

കട്ട മുതൽ സംരക്ഷിക്കാനുളള കവചമായിരുന്നു ആഗോള അയ്യപ്പ സംഗമമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സ്വർണം ചെമ്പാകുന്ന മായിക വിദ്യ പിണറായി ഭരണത്തിൽ മാത്രമേ നടക്കൂ. വിഷയത്തിൽ മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.

സ്വാമിയേ ശരണമയ്യപ്പ എന്ന് മര്യാദയ്ക്ക് വിളിക്കാൻ അറിയാത്തവരാണ് അയ്യപ്പ സം​ഗമം നടത്തിയത്. ഭക്തരെ വേദനിപ്പിച്ച സർക്കാരാണിത്. മൂന്നാം ഊഴം വരുമെന്നാണ് പറയുന്നത്. ഇപ്പോൾ സ്വർണപ്പാളി മാത്രമേ പോയുള്ളു. ഇനി അയ്യപ്പൻ തന്നെ അവിടെയുണ്ടാകുമോ എന്നറിയണമെന്ന് കെസി വേണു​ഗോപാൽ പരിഹസിച്ചു.

ആരാണ് ഉണ്ണികൃഷ്ണൻ പോറ്റിയെന്ന് മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിക്കുമെന്ന് കെസി വേണു​ഗോപാൽ പറഞ്ഞു. യുവതി പ്രവേശന വിധി വന്നപ്പോൾ വിമാനത്തിൽ നിന്നിറങ്ങിയ ഉടൻ പ്രതികരിച്ചു. സ്വർണപ്പാളി വിഷയത്തിൽ ഇത്രയും ദിവസമായിട്ടും എന്താണ് മിണ്ടാത്തതെന്ന് അദേഹം ചോദിച്ചു.

കേരളം കണ്ട വലിയ അഴിമതിയാണ് ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നിർമാണമെന്ന് കെസി വേണു​ഗോപാൽ ആരോപിച്ചു. ഒരു കിലോ മീറ്ററിന് 37 കോടി രൂപയാണ്. റോഡ് പണിയുന്നത് ഊരാളുങ്കലാണ്. കേന്ദ്രത്തിൽ നരേന്ദ്ര മോദിക്ക് എന്തു കണ്ടാലും ഒറ്റ പേരേ ഓർമ വരൂ അത് അദാനിയെന്നാണ്. അതേപോലെ കേരളത്തിലും സർക്കാരിന് എന്തിനും ഒറ്റ പേരേ ഉള്ളൂ ഊരാളുങ്കൽ എന്നാണെന്ന് അദേഹം വിമർശിച്ചു.