പലർക്കും ഇഷ്ടമുള്ള ഒന്നാണ് കട്ടൻ കാപ്പി (Black Coffee). ചൂട് കട്ടൻ കാപ്പി കുടിച്ച് ദിവസം തുടങ്ങുന്നവരാണ് പലരും. പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും കട്ടൻ കാപ്പിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഊർജ്ജം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
കട്ടൻ കാപ്പി ഭാരം കുറയ്ക്കാൻ (Weight Loss) സഹായിക്കുമോ എന്നതിനെ കുറിച്ച് പഠനങ്ങൾ നടന്ന് വരുന്നു. ഇപ്പോഴിതാ, പുതിയ പഠനം പറയുന്നത് ശരീരഭാരം കുറയ്ക്കാൻ കട്ടൻ കാപ്പി മികച്ചതാണെന്നാണ്. ഇത് ശരീരത്തിന്റെ ഉപാപചയപ്രവർത്തനം വർദ്ധിപ്പിക്കുകയും കൊഴുപ്പ് വേഗത്തിൽ എരിച്ചു കളയുവാൻ സഹായിക്കുകയും ചെയ്യുന്നു.
ശരീരഭാരം കുറയ്ക്കുന്നതിന് പഞ്ചസാര, പാൽ, ക്രീം തുടങ്ങിയ ചേരുവകൾ ചേർക്കാത്ത കട്ടൻ കാപ്പി വേണം കുടിക്കേണ്ടതെന്നും വിദഗ്ധർ പറയുന്നു. ശരീരഭാരം കുറയ്ക്കുന്നതിനുള്ള പ്രക്രിയയെ വേഗത്തിലാക്കുന്ന ക്ലോറോജെനിക് ആസിഡ് (chlorogenic acid) കട്ടൻ കാപ്പിയിൽ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ ഗ്ലൂക്കോസ് ഉൽപാദനത്തെ ഗണ്യമായി കുറയ്ക്കുന്നുവെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ ചൂണ്ടിക്കാട്ടുന്നു.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന വിവിധ ആന്റിഓക്‌സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. കാപ്പിയിലെ ക്ലോറോജെനിക് ആസിഡ് ഒരു ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുന്നു. ഇത് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും സഹായിക്കുന്നു.
ദിവസേന രണ്ടോ മൂന്നോ കപ്പ് കാപ്പി കുടിക്കുന്നത് ശരീരത്തിലും വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് ദജേണൽ ഓഫ് ന്യൂട്രീഷനി ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
സെന്റർ ഫോർ ഡിസീസ് കൺട്രോൾ പ്രിവെൻഷനും നാഷണൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷനും നടത്തിയ സർവേയിൽ നിന്നുള്ള ഡാറ്റ ഗവേഷകർ പരിശോധിച്ചു. പ്രതിദിനം ഒരു കപ്പ് കാപ്പി കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പിന്റെ അളവ് എത്രത്തോളം കുറയ്ക്കുന്നുണ്ടെന്ന് പരിശോധിച്ചു.
പ്രതിദിനം രണ്ടോ മൂന്നോ കപ്പ് കാപ്പി കുടിക്കുന്ന സ്ത്രീകളിൽ ശരീരത്തിലെ കൊഴുപ്പിന്റെ ശരാശരി ശതമാനം 2.8% കുറയുന്നതായി കണ്ടെത്തി. ഗ്രീൻ കോഫി ബീൻസ് ശരീരത്തിന്റെ കൊഴുപ്പ് കത്തുന്ന ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇത് ശരീരത്തിൽ കൂടുതൽ കൊഴുപ്പ് കത്തുന്ന എൻസൈമുകൾ പുറപ്പെടുവിക്കാൻ കാരണമാകുന്നു.
ഇത് കരളിന്റെ സ്വാഭാവിക ക്ലെൻസറായും പ്രവർത്തിക്കുന്നു. ഇത് കരളിനെ ശുദ്ധീകരിക്കുകയും ചീത്ത കൊളസ്‌ട്രോളും ഇല്ലാതാക്കുകയും ചെയ്യുന്നു.