കൊടിയായാലും വടിയായാലും അച്ചടക്കം ലംഘിച്ചാല്‍ നടപടി ഉണ്ടാകുമെന്ന് സിപിഐഎം നേതാവും ജയില്‍ ഉപദേശക സമിതി അംഗവുമായ പി ജയരാജന്‍. തടവ് അനുഭവിക്കുന്നവര്‍ അകത്തും പുറത്തും അച്ചടക്കം പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും പി ജയരാജന്‍ പറഞ്ഞു.
തടവ് ശിക്ഷ അനുഭവിക്കുന്നവര്‍ ജയിലിനകത്തും പുറത്ത് വരുമ്പോഴും എല്ലാം അച്ചടക്കം പാലിക്കാന്‍ ബാധ്യസ്ഥരാണ്. കൊടിയായാലും വടിയായാലും അച്ചടക്കം ലംഘിച്ചാല്‍ നടപടി. സര്‍ക്കാരിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയിട്ടാണ് സര്‍ക്കാര്‍ നടപടിയെടുക്കുന്നത് – അദ്ദേഹം പറഞ്ഞു.
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയും സംഘവും പോലീസിനെ കാവല്‍നിര്‍ത്തി മദ്യപിക്കുന്ന ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവന്നത്. തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്തുവെച്ചായിരുന്നു പരസ്യ മദ്യപാനം. കോടതിയില്‍നിന്ന് മടങ്ങുമ്പോഴാണ് കുറ്റവാളികള്‍ക്ക് മദ്യവുമായി സുഹൃത്തുക്കളെത്തിയത്.
സംഘത്തില്‍ ടി.പി. കേസിലെ പ്രതികളായ മുഹമ്മദ് ഷാഫിയും ഷിനോജുമുണ്ടായിരുന്നു. പ്രതികള്‍ക്ക് അകമ്പടി പോയ എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെ മദ്യപാനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.