ഐഎൻഎല്ലിൽ അച്ചടക്ക നടപടി; സമാന്തര യോഗം ചേർന്നവർക്ക് കാരണം കാണിക്കൽ നോട്ടീസ്

 

ഐഎൻഎല്ലിൽ അച്ചടക്ക നടപടി; സമാന്തര യോഗം ചേർന്നവർക്ക് കാരണം കാണിക്കൽ നോട്ടീസ്
ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ച് സമാന്തര യോഗം ചേർന്നവർക്കെതിരെ നടപടി വരുമെന്ന് ഐഎൻഎൽ നേതാവും മന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ. യോഗം ചേർന്നവർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. ഏഴ് ദിവസത്തിനകം ഇതിന് മറുപടി കിട്ടണം. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുമായി നടത്തിയത് സ്വകാര്യ ചർച്ചയാണെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു

കോഴിക്കോട് കഴിഞ്ഞ ദിവസം എ പി അബ്ദുൽ വഹാബ് വിഭാഗം സമാന്തര യോഗം ചേരുകയും പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സംസ്ഥാന പ്രസിഡന്റായി അബ്ദുൽ വഹാബിനെയും ജനറൽ സെക്രട്ടറിയായി നാസർ കോയ തങ്ങളെയുമാണ് തെരഞ്ഞെടുത്തത്. 2018 മുതൽ പാർട്ടിയിൽ നടപ്പാക്കിയ അച്ചടക്ക നടപടികൾ റദ്ദാക്കിയതായും വഹാബ് പറഞ്ഞിരുന്നു

120 അംഗ സംസ്ഥാന കൗൺസിലിലെ 77 അംഗങ്ങൾ കോഴിക്കോട്ടെ യോഗത്തിൽ പങ്കെടുത്തുവെന്നാണ് വഹാബ് അവകാശപ്പെട്ടത്. എന്നാൽ വിവിധ കാരണങ്ങളാൽ ഐഎൻഎല്ലിൽ നിന്ന് പുറത്താക്കിയവരെ പങ്കെടുപ്പിച്ച് മുൻ പ്രസിഡന്റ് യോഗം വിളിച്ച് അപഹാസ്യനായെന്നാണ് മറുവിഭാഗം ആരോപിച്ചത്.