കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂര്‍ ജയിലില്‍ നിന്നും ചാടിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്തെത്തിയതിന് പിന്നാലെ മറുപടിയുമായി സിപിഐഎം നേതാവും ജയില്‍ ഉപദേശക സമിതി അംഗവുമായ പി ജയരാജന്‍. സെൻട്രൽ ജയിൽ ഉപദേശക സമിതി അനൗദ്യോഗിക അംഗങ്ങളെ സൂചിപ്പിച്ചു കൊണ്ട് സുരേന്ദ്രൻ നടത്തിയ പ്രസ്താവന ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷമുള്ള അദ്ദേഹത്തിന്റെ മനോനിലയാണ് വ്യക്തമാക്കുന്നതെന്ന് പി ജയരാജൻ പരിഹസിച്ചു. കോഴിക്കോട് ജില്ലയിലെ ഉള്ളിയേരിയും കുതിരവട്ടവും തമ്മിലുള്ള ദൂരം വളരെ ചെറുതാണ്. അദ്ദേഹത്തിന്റെ മനോനില പരിശോധിക്കാന്‍ ബിജെപി പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുന്നു എന്നും പി ജയരാജന്‍ പരിഹസിച്ചു.ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
ഗോവിന്ദച്ചാമി ജയില്‍ ചാടിയതോ ചാടിച്ചതോ എന്ന ചോദ്യം ഉയര്‍ത്തിയും ജയില്‍ ഉപദേശക സമിതിയെ ഉള്‍പ്പെടെ സംശയ മുനയിലേക്ക് നിര്‍ത്തിയുമുള്ള കെ സുരേന്ദ്രന്റെ പ്രതികരണത്തിനാണ് പി ജയരാജന്റെ മറുപടി. ഈ ജയിൽ ചാട്ടത്തെ തുടർന്ന് സമൂഹത്തെ ജാഗ്രതപ്പെടുത്തുന്നതിന് പകരം ഏത് കാര്യവും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗപ്പെടുത്തുന്ന ബിജെപി നേതാവിന്റെ ഹീനമായ ശ്രമത്തിൽ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ഉപദേശിക്കണമെന്നും പി ജയരാജൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
അതേസമയം, നാലാരമണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് ഗോവിന്ദച്ചാമിയെ പൊലീസ് പിടികൂടിയത്. DIG യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. കണ്ണൂർ തളാപ്പിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ ഒളിച്ചിരിക്കവെയാണ് ഇയാൾ പൊലീസിന്റെ വലയിലാകുന്നത്. പൊലീസിനെ കണ്ടയുടൻ ഇയാൾ കെട്ടിടത്തിനുള്ളിൽ കിണറ്റിൽ എടുത്തുചാടുകയായിരുന്നു. ഇന്ന് രാവിലെ ഇയാളെ കണ്ടെന്ന് പലരും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ ഇത്രയും വേഗം പിടികൂടാനായത്.
ഇതിനിടെ കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ വീഴ്ചയിൽ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. നീണ്ട ദിവസത്തെ തയ്യാറെടുപ്പുകൾക്കൊടുവിലാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. സെല്ലിന്റെ അഴി ദിവസങ്ങളായി ഇയാൾ മുറിക്കാൻ ശ്രമിച്ചിരുന്നതായി കണ്ടെത്തി. മറ്റൊരാളുടെ സഹായമില്ലാതെ ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാൻ കഴിയില്ലെന്ന നിഗമനത്തിലാണ് പൊലീസ്.