കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ; നിരോധിച്ചത് 25 ഒടിടി പ്ലാറ്റ്‍ഫോമുകൾ, ഉല്ലുവിനും ബിഗ് ഷോട്ട്സിനും അടക്കം നിരോധനം

ദില്ലി: തീവ്ര ലൈംഗികതയും അശ്ലീല ഉള്ളടക്കവും സംപ്രേക്ഷണം ചെയ്തതിനെ തുടർന്ന് ഉല്ലു, എഎൽടിടി, ഡെസിഫ്ലിക്സ്, ബിഗ് ഷോട്ട്സ് ഉൾപ്പെടെ 25 ജനപ്രിയ സ്ട്രീമിംഗ് ആപ്ലിക്കേഷനുകൾക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തി. രാജ്യത്തെ ഐടി നിയമങ്ങളും നിലവിലുള്ള അശ്ലീലത വിരുദ്ധ നിയമങ്ങളും ലംഘിച്ച് ഈ പ്ലാറ്റ്‌ഫോമുകൾ ‘സോഫ്റ്റ് പോൺ’ എന്ന് വിശേഷിപ്പിക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടിയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

കൃത്യമായ ഉള്ളടക്ക നിയന്ത്രണമില്ലാതെ ‘ഇറോട്ടിക് വെബ് സീരീസ്’ എന്ന പേരിൽ മുതിർന്നവർക്കുള്ള ഉള്ളടക്കം ഈ ആപ്പുകൾ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ലഭിച്ച നിരവധി പരാതികളുടെയും റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) നടപടിയെടുത്തത്. അശ്ലീല കണ്ടന്‍റുകൾ പ്രായപൂർത്തിയാകാത്തവർക്ക് എളുപ്പത്തിലുള്ള ലഭ്യത തടയുന്നതിനും ഡിജിറ്റൽ ഉള്ളടക്കം മാന്യതയുടെയും നിയമത്തിന്‍റെയും പരിധിയിൽ നിലനിർത്തുന്നതിനും വേണ്ടിയാണ് ഈ നിരോധനം ലക്ഷ്യമിടുന്നത്.

ആഭ്യന്തര മന്ത്രാലയം, വനിതാ ശിശു വികസന മന്ത്രാലയം, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, നിയമകാര്യ വകുപ്പ്, ഫിക്കി, സിഐഐ തുടങ്ങിയ വ്യവസായ സംഘടനകൾ, വനിതാ അവകാശ, ശിശു അവകാശ മേഖലകളിലെ വിദഗ്ധർ എന്നിവരുമായി കൂടിയാലോചിച്ച ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് അധികൃതർ വ്യക്തമാക്കി.