കാസര്‍ഗോഡ് പടന്നക്കാട് മറിഞ്ഞ ടാങ്കര്‍ ലോറിയില്‍ നിന്നുള്ള പാചക വാതക ചോര്‍ച്ച താല്‍ക്കാലികമായി അടച്ചു. മംഗലാപുരത്തുനിന്ന് വിദഗ്ധ സംഘം എത്തിയാണ് ടാങ്കറിന്റെ വാല്‍വിനുള്ള തകരാര്‍ പരിഹരിച്ചത്. ടാങ്കര്‍ ഉയര്‍ത്തി പാചകവാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റാനുള്ള ശ്രമം തുടരുകയാണ്.
വൈകുന്നേരം നാലുമണിയോടെ മംഗലാപുരത്ത് നിന്നാണ് ഇആര്‍ടി സംഘം ടാങ്കറിന്റെ വാല്‍വിനുള്ള തകരാര്‍ പരിഹരിക്കുന്നതിനായി കാഞ്ഞങ്ങാട്ടേക്ക് എത്തിയത്. രാവിലെ മുതല്‍ വാല്‍വിന്റെ തകരാര്‍ മൂലമുണ്ടായ വാതക ചോര്‍ച്ച വിദഗ്ധസംഘം താല്‍ക്കാലികമായി അടച്ചു. ഏഴുമണിക്കൂറോളം നീണ്ടുനിന്ന വാതക ചോര്‍ച്ച നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സും, പോലീസും, എന്‍ഡിആര്‍എഫ് സംഘവും സംയുക്തമായാണ് നിയന്ത്രിച്ചത്.
18 ടണ്‍ ഭാരമുള്ള ടാങ്കറില്‍ നിന്ന് മറ്റൊരു ടാങ്കറിലേക്ക് പാചകവാതകം മാറ്റുന്നതാണ് ഇനിയുള്ള ശ്രമകരമായ ദൗത്യം. ഇതിനായി ഏഴു മുതല്‍ 12 മണിക്കൂര്‍ വരെ സമയമെടുക്കും. പാചകവാതകം മാറ്റുന്നതിന്റെ ഭാഗമായി പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ടാങ്കര്‍ ലോറി മറിഞ്ഞതിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ വാഹന ഗതാഗതം നിരോധിച്ചു. പ്രദേശത്ത് മൊബൈല്‍ ഫോണ്‍, വൈദ്യുത ബന്ധങ്ങള്‍ വിച്ഛേദിച്ചു. വീടുകളില്‍ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിക്കാനോ, പുകവലിക്കാനോ പാടില്ലെന്നും ഇന്‍വെര്‍ട്ടര്‍ ഉപയോഗിച്ചുള്ള വൈദ്യുതിയോ മറ്റ് ഉപകരണങ്ങളോ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ലെന്നും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് മംഗലാപുരത്തുനിന്ന് പാചകവാതകവുമായി കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറി സ്വകാര്യ ബസ്സിന് സൈഡ് നല്‍കവേ വയലിലേക്ക് മറിഞ്ഞത്.