ചരിത്രത്തിലേക്ക് വാതില്‍ തുറന്ന് ‘പ്രവാസത്തിന്റെ നാല്‍പ്പതാണ്ടുകള്‍’

 

40 വര്‍ഷം കുവൈറ്റില്‍ പ്രവാസജീവിതം നയിച്ച തഴക്കര പൈനുംമൂട്ടില്‍ നിസ്സിയില്‍ സാം ഗീവര്‍ഗീസ് ഡാനിയേല്‍ രചിച്ച ‘പ്രവാസത്തിന്റെ നാല്‍പ്പതാണ്ടുകള്‍’ ശ്രദ്ധ നേടുന്നു. ഗ്രന്ഥകാരന്റെ ഓര്‍മ്മക്കുറിപ്പുകള്‍, ഇതുവരെ ആരും പറയാത്ത ചരിത്രത്തിലേക്ക് വാതില്‍ തുറക്കുന്നു. സാം നാലു പതിറ്റാണ്ടിലധികമായി കുവൈറ്റ് സെന്റ് ഗ്രീഗോറിയാസ് മഹാ ഇടവകയുടെ അംഗമായിരുന്നു. മാനേജിംഗ് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കുന്നം സെന്റ് ജോര്‍ജ് പള്ളിയാണ് മാതൃ ഇടവക.

 

 

‘പ്രവാസം ബൈബിളില്‍’ തുടങ്ങി ‘അധിനിവേശം സര്‍ഗാത്മകമാക്കിയ അറബ് സാഹിത്യം’ വരെയുള്ള 40 അധ്യായങ്ങളിലൂടെ അടിയന്തരാവസ്ഥയുടെ കാലം മുതലുളള കേരളത്തിലെയും ഗള്‍ഫിലെയും രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക സാഹചര്യങ്ങള്‍ സമഗ്രമായി തന്നെ സാം അടയാളപ്പെടുത്തുന്നു. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ സെക്കുലര്‍ സാംസ്‌കാരിക സംഘടനയായ കുവൈറ്റിലെ കലയുടെ (കേരള ആര്‍ട്‌സ് ലവേഴ്‌സ് അസോസിയേഷന്‍) പ്രധാന ചുമതലക്കാരന്‍ എന്ന നിലയില്‍ ഇഎംഎസ് നമ്പൂതിരിപ്പാട്, ഇ കെ നായനാര്‍, വി എസ് അച്യുതാനന്ദന്‍ പിണറായി വിജയന്‍, എ കെ ആന്റണി മുതല്‍ ഇങ്ങോട്ടുള്ള രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുമായുമുള്ള സജീവ ബന്ധത്തെക്കുറിച്ചും പ്രതിപാദിക്കുന്നു.‘പ്രവാസ ജീവിതം പഴയ ദൂരദര്‍ശന്‍ ആന്റിന പോലെയാണ്. ഇപ്പം ക്ലിയറാകും ഇപ്പം ക്ലിയറാകും എന്ന് കരുതി നമ്മള്‍ അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു കൊണ്ടിരിക്കും. ടിവി ക്ലിയറാകുമ്പോഴേക്കും പ്രോഗ്രാമും കഴിഞ്ഞിരിക്കും’ എന്നാണ് പ്രവാസിയുടെ ജീവിതത്തെ, പ്രവാസത്തിന്റെ നാല്‍പ്പതാണ്ടുകള്‍ എന്ന അധ്യായത്തില്‍ സാം അടയാളപ്പെടുത്തുന്നത്.

 

വ്യത്യസ്ത കാരണങ്ങളാല്‍ സ്വദേശം വിട്ട് അന്യദേശങ്ങളില്‍ ജീവിക്കേണ്ടിവരുന്ന മനുഷ്യരുടെ ജീവിതത്തിന്റെ നേര്‍ചിത്രം സാം വരച്ചിടുന്നു. സംഘര്‍ഷം നിറഞ്ഞ പശ്ചിമേഷ്യ, മലയാളത്തെ രക്ഷിക്കുക സംസ്‌കാരത്തെ തിരിച്ചറിയുക, ഇറാഖിന്റെ കുവൈറ്റ് അധിനിവേശം, യുദ്ധാനന്തര കുവൈറ്റ് ഓര്‍മ്മകള്‍, സഫലമായ സാഹിത്യ ശില്‍പശാല, ഓര്‍മ്മയിലെ സഖാവ് ടി കെ രാമകൃഷ്ണന്‍, ‘നായനാര്‍’ – പ്രവാസികളെ സ്‌നേഹിച്ച മുഖ്യമന്ത്രി, എകെ ആന്റണിയുമായുള്ള കൂടിക്കാഴ്ച, ഒരു പ്രവാസി ദേശത്തെ വായിക്കുന്നു, കുവൈറ്റ് ഇരട്ട ദുരന്തത്തിന്റെ നാളുകള്‍, ‘പിണറായി’ കാലം നിയോഗിച്ച കര്‍മ്മയോഗി, മിസ്‌കീനുകളുടെ സ്വര്‍ഗ്ഗം, മഹാദുരന്തം വിതച്ച 2018, ലോക കേരള സഭ നല്‍കുന്ന സന്ദേശം, സാര്‍ഥകമായ രണ്ടാം ലോക കേരളസഭ, ഇന്ത്യ-കുവൈറ്റ് സൗഹൃദം, കേരളത്തിന് കൈത്താങ്ങായി പ്രവാസലോകം, ‘സഖാവ് വിഎസ്’ അനശ്വരനായ വിപ്ലവകാരി, കുവൈറ്റിലെ മാധ്യമ രംഗം, അധിനിവേശം സര്‍ഗാത്മകമാക്കിയ അറബ് സാഹിത്യം തുടങ്ങിയ പ്രധാന അധ്യായങ്ങളിലൂടെ, ഇതുവരെ എഴുതപ്പെടാത്ത ചരിത്രം പലതും സാം വായനക്കാരില്‍ എത്തിക്കുന്നു. കേരളത്തിലെയും അറബ് നാടുകളിലെയും സാഹിത്യ മേഖലയെക്കുറിച്ച് കുറഞ്ഞ വാക്കുകളില്‍ സമഗ്രത നഷ്ടപ്പെടാതെ അവതരിപ്പിച്ചിട്ടുണ്ട്. കുവൈറ്റിലെ ഇറാഖ് അധിനിവേശവും അനന്തരഫലങ്ങളും പലസ്തീന്‍ അഭയാര്‍ഥികളുടെ തീരാ ദുരിതങ്ങളും പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളും അവയുടെ ആഴത്തില്‍ തന്നെ പഠിച്ച് എല്ലാ തലമുറയിലുമുളള വായനക്കാരെ ഏറെ ചിന്തിപ്പിക്കുന്ന നിലയില്‍ വിവരിച്ചിട്ടുണ്ട്. സമകാലിക രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തില്‍ വായിച്ചിരിക്കേണ്ട പുസ്തകമായി ‘പ്രവാസത്തിന്റെ നാല്‍പ്പതാണ്ടുകള്‍’ വിലയിരുത്തപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞദിവസം എ ആര്‍ രാജരാജവര്‍മ സ്മാരകത്തില്‍ പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിച്ച സാഹിത്യ സംഗമത്തില്‍ സാഹിത്യകാരന്‍ ബെന്യാമിന്‍ എം എസ് അരുണ്‍കുമാര്‍ എംഎല്‍എയ്ക്ക് കൈമാറി, പുസ്തകം പ്രകാശനം ചെയ്തിരുന്നു.

 

കുവൈറ്റിന്റെ സാംസ്‌കാരിക ചരിത്രം അടയാളപ്പെടുത്തുന്ന ഗ്രന്ഥമാണ് ‘പ്രവാസത്തിന്റെ നാല്‍പ്പതാണ്ടുകള്‍’ – ബെന്യാമിന്‍ പറഞ്ഞു. ഗള്‍ഫ് പ്രവാസത്തിന്റെ തീഷ്ണമായ അടയാളപ്പെടുത്തലാണത്. ഒരുവന്‍ മറ്റൊരുവനെ സഹായിച്ച ചരിത്രമാണ്. അജ്ഞാതരായ ഒരുപറ്റം മനുഷ്യരുടെ സഹനത്തിന്റെ പൊരുളാണത്. ഗള്‍ഫ് പ്രവാസം കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ കരുത്തെന്നും സാമ്പത്തിക സമത്വം ഉണ്ടാക്കുന്നതില്‍ ഗള്‍ഫ് പ്രവാസം വഹിക്കുന്ന പങ്ക് അഭിമാനകരമെന്നും പുസ്തകം ഓര്‍മ്മിപ്പിക്കുന്നു. പട്ടിണിയും വിരഹവും സഹനവുമായി ജീവിച്ചവരുടെ ചരിത്രവും കൂടിയാണ് സാം രേഖപ്പെടുത്തിയിട്ടുള്ളത് – ബെന്യാമിന്‍ കൂട്ടിച്ചേര്‍ത്തു.

 

സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യങ്ങളുടെ കാലത്ത് ജനിച്ചു വളര്‍ന്ന സാമിന് പഠനകാലത്തു തന്നെ, സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി നില്‍ക്കുന്നവരോട് ആത്മബന്ധം ഉറച്ചിരുന്നു. പ്രവാസ ജീവിതത്തിന് നിര്‍ബന്ധമായിപോകേണ്ടി വന്നപ്പോഴും അതിന് ഒരു ഉലച്ചിലും തട്ടിയില്ല. സാമിന്റെ തന്നെ വാക്കുകള്‍ കടമെടുത്താല്‍ ‘ആദര്‍ശത്തിനുവേണ്ടി പ്രായോഗികതയോ പ്രായോഗികതയ്ക്ക് വേണ്ടി ആദര്‍ശമോ അടിയറ വയ്ക്കാതെ’ അയാള്‍ പ്രവാസ ജീവിതത്തിലും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു. ഗള്‍ഫില്‍ ജീവിച്ച 40 വര്‍ഷങ്ങളിലെ ഓരോ ദിവസവും വിലപ്പെട്ട ദിനങ്ങളായി കണ്ട് തൊഴിലിനൊപ്പം സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളില്‍ നിരന്തരം ഇടപെട്ടു കൊണ്ടേയിരുന്നു. അയാളെ അപ്പോഴും അലട്ടിയിരുന്നത് പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന വിഭാഗത്തിന്റെ വേദനകളും അയാള്‍ക്ക് ആത്മവിശ്വാസം നല്‍കിയത് ഉറച്ച മാനവികബോധം ആണെന്ന് അദ്ദേഹത്തിന്റെ എഴുത്തുകളില്‍ ഉടനീളം കാണാം. 65 വയസ്സ് പിന്നിടുമ്പോഴും തന്റെ തൂലികയിലൂടെ നിരന്തരം സമൂഹത്തോട് സംവദിച്ചുകൊണ്ടിരിക്കാനാണ് അയാള്‍ക്കിഷ്ടം. ‘പ്രവാസത്തിന്റെ നാല്‍പ്പതാണ്ടുകള്‍’ എന്ന ഗ്രന്ഥത്തിന്റെ പുറം ചട്ടയില്‍ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന് എഴുതി ചേര്‍ത്തിട്ടുണ്ടെങ്കിലും ഗ്രന്ഥകാരന്റെ ജീവിതാനുഭവങ്ങളെ സ്വന്തം വൃത്തത്തില്‍ നിര്‍ത്താതെ, വായനക്കാരന്റെ ജീവിതാനുഭവം ആണെന്ന് തോന്നത്തക്ക നിലയില്‍ അവനെ കൈപിടിച്ച് നടത്തിക്കൊണ്ടുപോകുന്ന എഴുത്തിന്റെ ശൈലിയിലും മാനവിക മൂല്യങ്ങള്‍ തെളിഞ്ഞുകാണാം. മാവേലിക്കര തഴക്കര പൈനുംമൂട്ടില്‍ ഗീവര്‍ഗീസ് ഡാനിയലിന്റെയും മറിയാമ്മയുടെയും ഇളയ മകനായി 1960ല്‍ സാം ജനിച്ചു. തഴക്കര എംഎസ്എസ് ഹൈസ്‌കൂളിലും മാവേലിക്കര ബിഷപ്പ്മൂറിലുമായി വിദ്യാഭ്യാസം.

 

നാല്‍പ്പതിലേറ വര്‍ഷത്തെ പ്രവാസ ജീവിതത്തിനുശേഷം നാട്ടിലേക്ക് മടങ്ങി. ഒരു പ്രവാസി ദേശത്തെ വായിക്കുന്നു, അതിജീവനത്തിന്റെ കാഴ്ചപ്പാടുകള്‍, വാഗ്ദത്തനാട്, കുവൈറ്റ് ഇന്ത്യന്‍ കുടിയേറ്റ ചരിത്രം എന്നീ കൃതികള്‍ രചിച്ചു. സാമിന്റെ നാട്ടുകാരന്‍ കൂടിയായിരുന്ന പ്രശസ്ത സാഹിത്യകാരന്‍ പാറപ്പുറത്തിന്റെ (കെ ഇ മത്തായി) സാഹിത്യ ജീവിതം, കോവിഡ് കാല അനുഭവങ്ങള്‍ തുടങ്ങിയ കൃതികളുടെ രചനയിലാണിപ്പോള്‍. 2006 ല്‍ മികച്ച പ്രവാസി മലയാളിക്കുള്ള സ്വരലയ പുരസ്‌കാരം ലഭിച്ചു. 2022ല്‍ കുവൈറ്റ് ഇന്ത്യന്‍ എംബസി യാത്രയയപ്പ് നല്‍കി ആദരിച്ച പ്രഥമ ഇന്ത്യക്കാരന്‍ എന്ന ബഹുമതി സാമിനാണ്. പ്രവാസി എഴുത്തുകാരന്‍ എന്ന വിശേഷണത്തില്‍ നിന്ന് കേരളത്തിലെ പ്രമുഖ എഴുത്തുകാരില്‍ ഒരാളായും സാമിനെ ചരിത്രം അടയാളപ്പെടുത്തും. നിലവില്‍ തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കല ട്രസ്റ്റിന്റെ ഡയറക്ടര്‍ ബോര്‍ഡംഗമാണ്. ഭാര്യ: വത്സ സാം. മക്കള്‍: ക്രിസ്റ്റീന, ഡയാന, ബെന്‍.

 

ഉണ്‍മ പബ്ലിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

ബന്ധപ്പെടേണ്ട ടെലി. നമ്പര്‍ 9496881449