അസ്ലം കോളക്കോടന്റെ പുസ്തക പ്രകാശനം ജനുവരി 29-ന് ദമ്മാമില്‍; പ്രമുഖര്‍ പങ്കെടുക്കും

പ്രമുഖ പ്രവാസി എഴുത്തുകാരന്‍ അസ്ലം കോളക്കോടന്റെ പുതിയ രണ്ട് പുസ്തകങ്ങളുടെ പ്രകാശന ചടങ്ങ് ഈ മാസം 29-ന് വ്യാഴാഴ്ച രാത്രി 8 മണിക്ക് ദമ്മാം ഫൈസലിയയിലെ അല്‍ ഹയാത്ത് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. ദമ്മാം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. (Aslam Kolakkoden’s new book release tomorrow).ഡെസ്റ്റിനി ബുക്‌സ് പ്രസിദ്ധീകരിച്ച ‘River of Thoughts’ (ഇംഗ്ലീഷ് കവിതാ സമാഹാരം), ‘മരീചികയോ ഈ മരുപ്പച്ച’ (ഓര്‍മ്മക്കുറിപ്പുകള്‍) എന്നീ പുസ്തകങ്ങളാണ് ചടങ്ങില്‍ പ്രകാശനം ചെയ്യുന്നത്. പ്രശസ്ത എഴുത്തുകാരനും ചലച്ചിത്ര താരവും സംവിധായകനുമായ ജോയ് മാത്യു, പ്രമുഖ സാഹിത്യകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അമ്മാര്‍ കിഴുപറമ്പ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.ആത്മാവിന്റെ അഗാധതയില്‍ നിന്ന് ഉത്ഭവിക്കുന്ന ആത്മീയവും ബൗദ്ധികവുമായ ചിന്തകള്‍ ഒരു നദിപോലെ ഒഴുകുന്ന കവിതാ സമാഹാരമാണ് ‘River of Thoughts’, വായനക്കാരന്റെ ഉള്ളിലെ ചിന്താശകലങ്ങളെ തൊട്ടുണര്‍ത്തുന്ന, ജീവിതത്തിന്റെ അര്‍ത്ഥം തേടിയുള്ള ഒരു തീര്‍ത്ഥാടനമാണ് ഇതിലേ കവിതകള്‍. പ്രവാസ ജീവിതത്തിന്റെ കയ്പ്പും മധുരവും നിറഞ്ഞ അനുഭവക്കുറിപ്പുകളാണ്, ‘മരീചികയോ ഈ മരുപ്പച്ച’ മണലാരണ്യത്തിലെ കേവലം അതിജീവനത്തിനുമപ്പുറം, തന്റെ ചുറ്റുപാടുകളില്‍ നിന്ന് പറിച്ചുനടപ്പെട്ട ഒരു മനുഷ്യന്റെ ആത്മസംഘര്‍ഷത്തിന്റെയും ജീവിതയാത്രയുടെയും അടയാളപ്പെടുത്തലുകളാണ് ഈ കൃതി.

സൗദി കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക, രാഷ്ട്രീയ, കല, കായിക, ആത്മീയ, ജീവകാരുണ്യ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ആലിക്കുട്ടി ഒളവട്ടൂര്‍ (ചെയര്‍മാന്‍), മാലിക് മഖ്ബൂല്‍ (ജനറല്‍ കണ്‍വീനര്‍), സാജിദ് ആറാട്ടുപുഴ (ട്രഷറര്‍), റഹ്മാന്‍ കാരയാട് (ചീഫ് കോര്‍ഡിനേറ്റര്‍) എന്നിവര്‍ അറിയിച്ചു.പ്രവാസ ലോകത്തെ എല്ലാ അക്ഷരസ്‌നേഹികളെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും ഈ സാംസ്‌കാരിക സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. ആലിക്കുട്ടി ഒളവട്ടൂര്‍, മാലിക് മഖ്ബൂല്‍, റഹ്മാന്‍ കാരയാട്, അസ്ലം കോളക്കോടന്‍, സമീര്‍ അരീക്കോട് മഹ് മൂദ് പൂക്കാട് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.