🔳കോവിഡ് കാരണമുള്ള യാത്രാ നിയന്ത്രണങ്ങള്‍ മറികടക്കുന്നതിന് 96 രാജ്യങ്ങളുമായി ഇന്ത്യ പരസ്പര ധാരണയിലെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ഇന്ത്യയുടെ കോവീഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവ 96 രാജ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെന്നും ഈ രാജ്യങ്ങളുടെ പട്ടിക കോവിന്‍ പോര്‍ട്ടലില്‍ കാണാനാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇത് മറ്റു രാജ്യങ്ങളിലേക്കുള്ള ഇന്ത്യക്കാരുടെ യാത്ര സുഗമമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
🔳മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട്ടില്‍ രാഷ്ട്രീയ വിവാദം കത്തുന്നു. പുതിയ അണക്കെട്ട് വേണ്ടെന്നും ബേബി ഡാം ശക്തിപ്പെടുത്തിയാല്‍ മതിയെന്നുമുള്ള പ്രഖ്യാപിത നിലപാട് ഉയര്‍ത്തിയാണ് തമിഴ്നാട്ടില്‍ പ്രതിപക്ഷ പ്രതിഷേധം. ജലനിരപ്പ് 142 അടി ആക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാഡിഎംകെ സംസ്ഥാനവ്യാപക പ്രതിഷേധം തുടങ്ങി. തമിഴ്നാടിന്റെ അവകാശം വിട്ടുകൊടുക്കരുതെന്നും ശക്തമായി പ്രതികരിക്കണമെന്നും ഒ പനീര്‍സെല്‍വം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. തേനി മധുര ശിവഗംഗ അടക്കമുള്ള കാര്‍ഷിക മേഖലകളിലാണ് പ്രതിഷേധ ധര്‍ണ്ണ. 138 അടിയെത്തിയപ്പോള്‍ ഡാം തുറന്ന് വിട്ടത് കര്‍ഷകരോടുള്ള വഞ്ചനയെന്നാണ് അണ്ണാഡിഎംകെയുടെ ആരോപണം. കേരളവുമായി സ്റ്റാലിന്‍ ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച അണ്ണാഡിഎംകെ, പ്രതിഷേധ വേദിയില്‍ കേരള സര്‍ക്കാരിന് എതിരെയും മുദ്രാവാക്യങ്ങളുയര്‍ത്തി.
🔳ബിജെപി നേതാക്കളുള്‍പ്പെട്ട ബത്തേരി കോഴക്കേസില്‍ ബിജെപിയെ കുരിക്കിലാക്കി കൂടുതല്‍ ശബ്ദ രേഖകള്‍. ബത്തേരിയില്‍ സ്ഥാനാര്‍ത്ഥിയാകുന്നതിന് വേണ്ടി ബിജെപി, സികെ ജാനുവിന് ലക്ഷങ്ങള്‍ നല്‍കിയെന്ന ജെ ആര്‍ പി നേതാവ് പ്രസീത അഴീക്കോടിന്റെ വെളിപ്പെടുത്തല്‍ സ്ഥിരീകരിക്കുന്ന കൂടുതല്‍ ശബ്ദ രേഖകള്‍ പ്രസീതയുടെ മൊബൈല്‍ ഫോണില്‍ നിന്നും ക്രൈംബ്രാഞ്ചിന് ലഭിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍.
🔳സംസ്ഥാനത്ത് ബസ് ചാര്‍ജ് ഉടന്‍ വര്‍ദ്ധിപ്പിച്ചേക്കും. ചാര്‍ജ് വര്‍ധിപ്പിക്കുന്നതിന് ഇടത് മുന്നണി യോഗത്തില്‍ ധാരണയായി. നിരക്ക് കൂട്ടുന്നതില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും എല്‍ഡിഎഫ് യോഗം ചുമതലപ്പെടുത്തി. നിരക്ക് കൂട്ടാമെന്ന ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ മുതല്‍ തുടങ്ങാനിരുന്ന പണിമുടക്ക് ബസ് ഉടമകള്‍ പിന്‍വലിച്ചത്. മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകള്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങള്‍. ഇതില്‍ ചാര്‍ജ് വര്‍ധനക്ക് ഇടതുമുന്നണിയോഗത്തില്‍ ധാരണയായി.
🔳ജോസ് കെ മാണി രാജിവെച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് തന്നെ നല്‍കാന്‍ ഇടതുമുന്നണി യോഗത്തില്‍ തീരുമാനമായി. എല്‍ഡിഎഫില്‍ എത്തിയതിനെ തുടര്‍ന്ന് ജനുവരി 11 നാണ് ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജിവച്ചത്. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് വൈകുകയായിരുന്നു. ഈ മാസം 29 നാണ് തെരഞ്ഞെടുപ്പ് നടക്കുക. രാജ്യസഭയിലേക്ക് ജോസ് കെ മാണി തന്നെ മത്സരിക്കും. ഇന്നലെ ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടി നേതൃയോഗമാണ് ജോസ് കെ മാണിയെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്.
🔳മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടില്ലെന്ന് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. എല്ലാ സംശയങ്ങള്‍ക്കും മറുപടി ഉണ്ടാകുമെന്നും അമ്മയ്ക്കൊപ്പം തിരുവന്തപുരത്ത് മാധ്യമങ്ങളെ കാണുമെന്നും സ്വപ്ന സുരേഷ് ഇന്നലെ കൊച്ചിയില്‍ പറഞ്ഞു. കേസിന്റെ കാര്യങ്ങള്‍ക്കാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ അഭിഭാഷകനെ കാണാന്‍ എത്തിയതായിരുന്നു സ്വപ്ന സുരേഷ്.
🔳ഐജി ലക്ഷ്മണക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് ക്രൈംബ്രാഞ്ച്. പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതി മോന്‍സന്‍ മാവുങ്കല്ലിനെ സഹായിച്ചതിനാണ് നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ലക്ഷ്മണയ്ക്ക് എതിരായ അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. മോന്‍സന്‍ മാവുങ്കല്ലിനെ കൂടാതെ സാമ്പത്തിക തട്ടിപ്പ് നടത്തിയ വേറെയും ചിലരെ ഐജി ലക്ഷമണ സഹായിച്ചുവെന്ന് പരാതിയുള്ളതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നിലവില്‍ ട്രാഫിക് ചുമതലയുള്ള ഐജിയാണ് ലക്ഷ്മണ.
🔳ഓര്‍ത്തഡോക്സ് – യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ നിയമം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. നിയമനിര്‍മ്മാണം സംബന്ധിച്ച് നിലപാടറിയിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. അതേസമയം റിട്ടയേഡ് ജസ്റ്റിസ് കെടി തോമസ് കമ്മീഷന്‍ ശുപാര്‍ശകള്‍ പരിഗണനയിലെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍ അറിയിച്ചു. പള്ളിത്തര്‍ക്കം സംബന്ധിച്ച ഹര്‍ജി ഈ മാസം 22-ന് വീണ്ടും പരിഗണിക്കാനായി മാറ്റി.
🔳ദുബായില്‍ നടക്കുന്ന എക്‌സ്‌പോ ഒരുക്കങ്ങള്‍ക്കായി യുഎഇ സന്ദര്‍ശിക്കാന്‍ സംസ്ഥാന സംഘത്തിന് കേന്ദ്രത്തിന്റെ അനുമതിയില്ല. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, ഡയറക്ടര്‍ എസ്. ഹരികിഷോര്‍ എന്നിവര്‍ക്കാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് മന്ത്രി പി. രാജീവ് ആരോപിച്ചു.
🔳സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 4 കോടി കൊവിഡ് 19 വാക്‌സിനേഷന്‍ കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാക്‌സിനേഷനെടുക്കേണ്ട ജനസംഖ്യയുടെ 95.26 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 55.29 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി.
🔳വയനാട്ടില്‍ രണ്ട് മാവോയിസ്റ്റ് നേതാക്കള്‍ അറസ്റ്റില്‍. കര്‍ണ്ണാടക സ്വദേശിയും പശ്ചിമഘട്ട സോണല്‍ കമ്മിറ്റിയുടെ സെക്രട്ടറിയുമായ കേന്ദ്ര കമ്മിറ്റിയംഗം ബിജി കൃഷ്ണമൂര്‍ത്തി, സാവിത്രി എന്നിവരാണ് പിടിയിലായത്. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് വെച്ച് കേരളാ പൊലീസിന് കീഴിലുള്ള തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്തതെന്നാണ് വിവരം.
🔳സംസ്ഥാനത്ത് 175 മദ്യശാലകള്‍കൂടി തുടങ്ങണമെന്ന ബെവ്‌കോയുടെ ശുപാര്‍ശ എക്‌സൈസിന്റെ പരിഗണനയിലാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വാക്-ഇന്‍ മദ്യശാലകള്‍ തുടങ്ങണമെന്ന ഹൈക്കോടതി നിര്‍ദേശവും പരിഗണനയിലാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിനിടയില്‍ മദ്യക്കടകള്‍ സമീപവാസികള്‍ക്ക് ശല്യമാകരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
🔳ഇടുക്കി നെടുങ്കണ്ടത്ത് സൗജന്യ ഭക്ഷണ അലമാര സ്ഥാപിച്ച് ഫാ. ഡേവീസ് ചിറമേല്‍ ഫൗണ്ടേഷന്റെ ഹങ്കേഴ്സ് ഹണ്ട്. വിശന്നുവലയുന്നവര്‍ക്ക് ഇവിടെയെത്തിയാല്‍ ഭക്ഷണം സൗജന്യമായി ലഭിക്കും. സന്മനസുള്ള ആര്‍ക്കും ഭക്ഷണപൊതി അലമാരയില്‍ നിക്ഷേപിയ്ക്കാം. വിശക്കുന്നവര്‍ക്ക്, സ്വയം പൊതി എടുത്ത് കഴിയ്ക്കാം. ഹങ്കേഴ്സ് ഹണ്ട് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിരിക്കുന്ന ഫുഡ് ഷെല്‍ഫിലൂടെ, കൈയില്‍ പണം ഇല്ലെങ്കിലും ഭക്ഷണം ലഭ്യമാകുന്നതിനുള്ള സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നത്.
🔳ജോജു ജോര്‍ജ് നായകനായ ‘സ്റ്റാര്‍’ എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്ന എറണാകുളം ഷേണായ്സ് തിയറ്ററിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് ധര്‍ണ്ണ. ജോജുവിന്റെ ഫോട്ടോ വച്ച റീത്തുമേന്തിയാണ് പ്രവര്‍ത്തകരുടെ ധര്‍ണ്ണ. എറണാകുളം ജില്ലയില്‍ ജനത്തെ ബുദ്ധിമുട്ടിച്ചുള്ള സിനിമാ ചിത്രീകരണങ്ങളൊന്നും അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി പറഞ്ഞു.
🔳സിനിമാ ഷൂട്ടിംഗ് തടയുമെന്ന യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപനത്തിനെതിരെ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. കോണ്‍ഗ്രസ് നേതൃത്വം ഒരു കലാരൂപത്തോടും തൊഴില്‍ മേഖലയോടും കലാപപ്രഖ്യാപനം നടത്തുകയാണെന്ന് സജി ചെറിയാന്‍ ആരോപിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിന് നില തെറ്റിയ അവസ്ഥയാണെന്നും സിനിമാ കലാകാരന്‍മാരെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും സാംസ്‌കാരിക – സിനിമ മന്ത്രിയായ സജി ചെറിയാന്‍ പറഞ്ഞു.
🔳സിനിമാ ചിത്രീകരണം തടയുമെന്ന യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപനത്തിനെതിരെ കെപിസിസി നേതൃയോഗത്തില്‍ രൂക്ഷവിമര്‍ശനം. ജോജുവിനെതിരായ സമരം സിനിമാ മേഖലയാകെ പടര്‍ത്തരുതെന്ന് യോഗത്തില്‍ പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. സിനിമ സര്‍ഗാത്മക പ്രവര്‍ത്തനമാണെന്നും ഈ വ്യവസായത്തെ തടയുന്ന രീതി ശരിയല്ലെന്നും സുധാകരന്‍ വിമര്‍ശിച്ചു. ഇക്കാര്യം യൂത്ത് കോണ്‍ഗ്രസിനെ അറിയിക്കാനും തീരുമാനിച്ചു.
🔳കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരനെതിരേ പരോക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി. ഗുളിക കഴിക്കുന്നത് പോലെ മൂന്നു നേരം ആദര്‍ശം മാത്രം പറഞ്ഞാല്‍ പാര്‍ട്ടി വളരില്ലെന്നും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി സ്വന്തം ഇമേജ് വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചതുകൊണ്ടാണ് പാര്‍ട്ടി ഈ അവസ്ഥയില്‍ എത്തിയതെന്നും സുധീരന്റെ പേരെടുത്തു പറയാതെ റിജില്‍ മാക്കുറ്റി പറഞ്ഞു. കെപിസിസി പ്രസിഡന്റ് പദവി ഏറ്റെടുത്ത്, എല്ലാം കുളമാക്കി അവസാനം ഇട്ടെറിഞ്ഞ് രാജിവെച്ചുപോയ ആള്‍ ഇപ്പോഴും വാര്‍ത്ത കിട്ടാന്‍ രാജിനാടകവുമായി നടക്കുകയാണെന്നും ഈ രാജിയൊക്കെ വെറും പ്രഹസനമാണെന്ന് നാട്ടിലുള്ളവര്‍ക്കൊക്കെ മനസ്സിലായിട്ടുണ്ടെന്നും പാര്‍ട്ടി ഒരിക്കലും രക്ഷപ്പെടാന്‍ പാടില്ലെന്ന ശകുനി മനസ്സുള്ളവര്‍ക്ക് മാത്രമേ കെപിസിസി പ്രസിഡന്റിനെതിരെ പ്രസ്താവനയുമായി വരാന്‍ സാധിക്കുകയുള്ളൂ എന്നും റിജില്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
🔳ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറിയതിനെതുടര്‍ന്ന് പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദ്ദേശം ഇന്നും തുടരും. സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ഇന്നും നാളെയും അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടായിരിക്കും.
🔳ഇന്ത്യന്‍ നാവികസേനയുടെ തലപ്പത്തേക്ക് തിരുവനന്തപുരം സ്വദേശി എത്തുന്നു. നാവികസേന വൈസ് അഡ്മിറല്‍ ആര്‍.ഹരികുമാറിനെ അടുത്ത സേനാ മേധാവിയായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. നിലവിലെ സേനാ മേധാവിയായ അഡ്മിറല്‍ കരംബീര്‍ സിംഗ് വിരമിക്കുന്ന മുറയ്ക്ക് നവംബര്‍ മുപ്പതിന് ഹരികുമാര്‍ നാവികസേനയുടെ കപ്പിത്താനായി ചുമതലയേല്‍ക്കും,
🔳ഇരയുടെ പ്രായം കുറവാണ് എന്നത് പരിഗണിച്ച് ബലാല്‍സംഗ കേസുകളില്‍ വധശിക്ഷ വിധിക്കാനാകില്ലെന്ന് സുപ്രീംകോടതി. അഞ്ച് വയസുകാരി ബാലികയെ ബലാല്‍സംഗത്തിന് ഇരയാക്കി കൊല്ലപ്പെടുത്തിയ കേസിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. ബാലികയെ ബലാല്‍സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിലെ കുറ്റവാളിയുടെ വധശിക്ഷ 30 വര്‍ഷത്തില്‍ കുറയാത്ത ജീവപര്യന്തം ശിക്ഷയായി കോടതി കുറച്ചു.
🔳അതിര്‍ത്തികളിലെ കര്‍ഷക സമരം ഒന്നാം വര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ പുതിയ സമരപരിപാടികള്‍ പ്രഖ്യാപിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച. നവംബര്‍ 29 ന് പാര്‍ലമെന്റ് സമ്മേളനം അവസാനിക്കും വരെ പാര്‍ലമെന്റിലേക്ക് ട്രാക്ടര്‍ മാര്‍ച്ച് നടത്തും. ഓരോ ദിവസവും 500 കര്‍ഷര്‍ പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കും. സമാധാനപരമായിട്ടായിരിക്കും മാര്‍ച്ച് നടത്തുക. നവംബര്‍ 28 ന് മുംബൈ ആസാദ് മൈതാനത്ത് കിസാന്‍-മസ്ദൂര്‍ മഹാപഞ്ചായത്ത് ചേരാനും യോഗത്തില്‍ തീരുമാനമായി.
🔳കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്നങ്ങള്‍ക്കിടെ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നിയും പിസിസി അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദുവും തമ്മില്‍ കൂടിക്കാഴ്ച നടത്തി. പ്രശ്നപരിഹാരത്തിന്റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച. അഡ്വക്കേറ്റ് ജനറല്‍ എപിഎസ് ഡിയോളിനെ മാറ്റിയതായി സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു. ഡിയോളിനെ മാറ്റണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സിദ്ദു പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയത്.
🔳’സമാജ്‌വാദി അത്തര്‍’ എന്ന പേരില്‍ സുഗന്ധദ്രവ്യം പുറത്തിറക്കി സമാജ് വാദി പാര്‍ട്ടി. പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവാണ് അത്തര്‍ പുറത്തിറക്കിയത്. 2022-ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് അഖിലേഷ് യാദവിന്റെ പുതിയ നീക്കം. ‘ഈ അത്തര്‍ ഉപയോഗിക്കുമ്പോള്‍ ജനങ്ങള്‍ക്ക് സോഷ്യലിസത്തിന്റെ ഗന്ധം ലഭിക്കുമെന്നും ഈ സുഗന്ധം 2022-ഓടെ വെറുപ്പിന്റെ രാഷ്ട്രീയത്തെ ഇല്ലാതാക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
🔳എയര്‍ ഇന്ത്യയിലെ ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്. ടാറ്റാ ഗ്രൂപ്പ് ഏറ്റെടുക്കുന്നതിന് മുമ്പ് കേന്ദ്രസര്‍ക്കാര്‍ തങ്ങള്‍ക്ക് തരാനുള്ള മുഴുവന്‍ ശമ്പള കുടിശ്ശികയും നല്‍കണം എന്നാണ് ജീവനക്കാരുടെ ആവശ്യം. അല്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നാണ് ജീവനക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
🔳യഥാര്‍ഥ നിയന്ത്രണരേഖയോടുചേര്‍ന്ന ഇന്ത്യന്‍ ഭൂമിയില്‍ അവകാശവാദമുന്നയിക്കാന്‍ ചൈന തന്ത്രപരമായി നീങ്ങുകയാണെന്ന യു.എസ് റിപ്പോര്‍ട്ടിനോട് പ്രതികരിച്ച് ഇന്ത്യ. ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ അരുണാചല്‍ പ്രദേശില്‍ ചൈന നിര്‍മിച്ചതായി പറയുന്ന 100 വീടുകള്‍ അടങ്ങുന്ന ഗ്രാമം ചൈനീസ് നിയന്ത്രണത്തിലള്ള പ്രദേശത്താണെന്ന് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ യുഎസ് കോണ്‍ഗ്രസിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിനോടുള്ള പ്രതികരണമായാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്.
🔳ജോലിയില്‍ നിന്ന് വിരമിച്ച ശേഷവും പ്രവാസികള്‍ക്ക് യുഎഇയില്‍ തുടരാന്‍ അനുവദിക്കുന്ന പുതിയ വിസാ പദ്ധതിക്ക് അംഗീകാരം. വിരമിച്ചവര്‍ക്കായി പ്രത്യേക താമസ വിസയ്ക്ക് അംഗീകാരം നല്‍കിയതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു.
🔳പാകിസ്താനി സാമൂഹ്യ പ്രവര്‍ത്തകയും സമാധാന നൊബേല്‍ പുരസ്‌കാര ജേതാവുമായ മലാല യൂസഫ്‌സായ് വിവാഹിതയായി. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജര്‍ അസ്സര്‍ മാലികാണ് വരന്‍. ബ്രിട്ടണിലെ ബെര്‍മിങ്ഹാമിലുള്ള വീട്ടില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങ്. 24-കാരിയായ മലാലയും കുടുംബവും ബ്രിട്ടണിലാണ് നിലവില്‍ താമസിച്ചുവരുന്നത്.
🔳ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു, രോഹിത് ശര്‍മയാണ് ടി20 ടീമിന്റെ പുതിയ നായകന്‍. കെ എല്‍ രാഹുലാണ് വൈസ് ക്യാപ്റ്റന്‍. ഐപിഎല്ലിലെ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഓപ്പണര്‍ റിതുരാജ് ഗെയ്ക്വാദ് കൊല്‍ക്കത്തയുടെ താരോദയമായ വെങ്കടേഷ് അയ്യര്‍, ഡല്‍ഹിയുടെ ബൗളിംഗ് കുന്തമുനയായ ആവേശ് ഖാന്‍, ഐപിഎല്ലിലെ പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയ ആര്‍സിബിയുടെ ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ 16 അംഗ ടീമില്‍ ഇടം നേടി. സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലും പേസര്‍ മുഹമ്മദ് സിറാജും ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ലോകകപ്പില്‍ കളിച്ച ഭുവനേശ്വര്‍കുമാറും ആര്‍ അശ്വിനും സ്ഥാനം നിലനിര്‍ത്തി. ലോകകപ്പിനുള്ള ടീമിലെ റിസര്‍വ് താരമായിരുന്ന ദീപക് ചാഹറും ടീമില്‍ തിരിച്ചെത്തി. ഇഷാന്‍ കിഷനെയും റിഷഭ് പന്തിനെയും വിക്കറ്റ് കീപ്പര്‍മാരായി തെരഞ്ഞെടുത്തപ്പോള്‍ സൂര്യകുമാര്‍ യാദവും ടീമിലെ സ്ഥാനം നിലനിര്‍ത്തി. ലോകകപ്പ് ടീമില്‍ കളിച്ച വിരാട് കോലി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ ഹര്‍ദിക് പാണ്ഡ്യക്കും ഷര്‍ദ്ദുല്‍ ഠാക്കൂറിനും രാഹുല്‍ ചാഹറിനും സ്ഥാനം നിലനിര്‍ത്താനായില്ല.
🔳കേരളത്തില്‍ ഇന്നലെ 68,692 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 6409 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 47 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 337 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 34,362 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 23 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5988 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 366 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 32 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6319 പേര്‍ രോഗമുക്തി നേടി. ഇതോടെ 71,020 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 972, കൊല്ലം 789, എറണാകുളം 767, തൃശൂര്‍ 734, കോഴിക്കോട് 684, കോട്ടയം 521, കണ്ണൂര്‍ 481, പത്തനംതിട്ട 334, പാലക്കാട് 285, ഇടുക്കി 242, ആലപ്പുഴ 225, മലപ്പുറം 155, വയനാട് 118, കാസര്‍ഗോഡ് 102.
🔳ആഗോളതലത്തില്‍ ഇന്നലെ 4,20,166 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 54,092 പേര്‍ക്കും ഇംഗ്ലണ്ടില്‍ 33,117 പേര്‍ക്കും റഷ്യയില്‍ 39,160 പേര്‍ക്കും തുര്‍ക്കിയില്‍ 28,662 പേര്‍ക്കും ജര്‍മനിയില്‍ 28,986 പേര്‍ക്കും ഇന്ത്യയില്‍ 12,331 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 25.14 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.87 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 6,724 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 924 പേരും റഷ്യയില്‍ 1,211 പേരും ഉക്രെയിനില്‍ 833 പേരും റൊമാനിയായില്‍ 462 പേരും ഇന്ത്യയില്‍ 480 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 50.78 ലക്ഷമായി.
🔳ടെക്‌നോപാര്‍ക്കിനു സമീപം ആക്കുളത്ത് സ്ഥിതി ചെയുന്ന ലുലു ഗ്രൂപ്പ് ഷോപ്പിങ് മാള്‍ ഡിസംബര്‍ 16ന് ഉദ്ഘാടനം ചെയ്യും. 2000 കോടി രൂപ ചെലവിട്ട് 20 ലക്ഷം ചതുരശ്രയടിയില്‍ നിര്‍മിച്ചതാണ് ഇത്. 2 ലക്ഷം ചതുരശ്രയടിയുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റാണ് പ്രധാന ആകര്‍ഷണം. ഇതോടൊപ്പം ലുലു കണക്ട്, ലുലു സെലിബ്രിറ്റ്, ഇരുനൂറിലേറെ രാജ്യാന്തര ബ്രാന്‍ഡുകള്‍, 12 സ്‌ക്രീനുകളുള്ള മള്‍ട്ടിപ്ലക്‌സ്, 80,000 ചതുരശ്രയടിയില്‍ കുട്ടികള്‍ക്കായി എന്റര്‍ടെയ്ന്‍മെന്റ് സെന്റര്‍, 2,500 പേര്‍ക്കിരിക്കാവുന്ന വിശാലമായ ഫുഡ്‌കോര്‍ട്ട് എന്നിവയുമുണ്ട്. 3,500 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്ന 8 നിലകളിലെ പാര്‍ക്കിങ് കേന്ദ്രവും തയാറായി.
🔳പ്രമുഖ റിയല്‍റ്റി ഗ്രൂപ്പായ ശോഭ ലിമിറ്റഡിന്റെ അറ്റലാഭം സെപ്റ്റംബര്‍ അവസാനിച്ച പാദത്തില്‍ മൂന്നു മടങ്ങ് വര്‍ധിച്ചു. നികുതിക്കുശേഷം 45.4 കോടി രൂപയാണ് ഗ്രൂപ്പ് രേഖപ്പെടുത്തിയ അറ്റലാഭം. ഒരു വര്‍ഷം മുമ്പ് 17 കോടി രൂപയായിരുന്നു സെപ്റ്റംബര്‍ പാദത്തില്‍ ഇത്. 165 ശതമാനം വര്‍ധനവാണ് കമ്പനി സ്വന്തമാക്കിയത്. ഗ്രൂപ്പിന്റെ മൊത്ത വരുമാനം 819 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ പാദത്തില്‍ 59 ശതമാനമാണ് വര്‍ധന. 1,030 കോടി രൂപ മൂല്യമുള്ള 1,348,864 ചതുരശ്ര അടി സൂപ്പര്‍ ബില്‍റ്റ്-അപ്പ് ഏരിയയുടെ എക്കാലത്തെയും മികച്ച ത്രൈമാസ വില്‍പ്പനയുടെ പശ്ചാത്തലത്തിലാണ് ഇത് സംഭവിച്ചത്.
🔳രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം ‘ആര്‍ആര്‍ആര്‍’ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിലെ ഗാനത്തിന്റെ പ്രമോ പുറത്തുവിട്ടിരിക്കുകയാണ് ഇപോള്‍. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം എത്തുക. മലയാളം ഭാഷയിലെ ചിത്രത്തിന് വേണ്ടി ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കര്‍, യാസിന്‍ നിസാര്‍ എന്നിവര്‍ ചേര്‍ന്നാണ്. മരഗതമണിയാണ് മലയാളം ചിത്രത്തിന്റെ സംഗീത സംവിധായകന്‍. മലയാളം ഭാഷയിലെ ചിത്രത്തിലെ ഗാനരചന നിര്‍വഹിക്കുന്നത് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ ആണ്.
🔳ഹൃദയസ്പര്‍ശിയായ വരികളും ആലാപനവും കൊണ്ട് ശ്രദ്ധേയമായി നടന്‍ നന്ദു പാടിയ ‘കടല് കാട്ടിത്തരാം’ എന്ന ഗാനം. വിസ്‌കി എന്ന ചിത്രത്തിന്ന് വേണ്ടി അരുണ്‍ അയ്യപ്പന്റെ വരികള്‍ക്ക് കാവാലം ശ്രീകുമാര്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. നടന്‍ മോഹന്‍ലാലും പ്രിയ സുഹൃത്ത് പാടിയ ഗാനം ഫേസ്ബുക്കില്‍ പങ്കുവച്ചു. സംവിധായകനാകാന്‍ കൊതിച്ച് സിനിമാരംഗത്തേക്കു വരികയും പിന്നീട് അഭിനേതാവാകുകയും ചെയ്ത താരമാണ് നന്ദലാല്‍ കൃഷ്ണമൂര്‍ത്തി എന്ന നന്ദു. 30 വര്‍ഷമായി നന്ദു മലയാള സിനിമയുടെ ഭാഗമാണ്.
🔳ഓഡി ഇന്ത്യ അതിന്റെ 2021 ഔഡി ക്യു 5 ഫെയ്സ്ലിഫ്റ്റ് 2021 നവംബര്‍ 23-ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഇന്ത്യയില്‍ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ 2021 ഓഡി ക്യു 5 ഫെയ്സ്ലിഫ്റ്റിന്റെ പ്രീ-ബുക്കിംഗ് കഴിഞ്ഞ മാസം ഒരു ലക്ഷം രൂപ പ്രാരംഭ ടോക്കണ്‍ തുകയില്‍ ആരംഭിച്ചിരുന്നു. ഓഡി ഇന്ത്യയ്ക്ക് 2021 ഓഡി ക്യു5 പുതിയ പുറം നിറങ്ങളും പ്രതീക്ഷിക്കാം. 2021 ഓഡി ക്യു5 ഫെയ്സ്ലിഫ്റ്റിന്റെ പവര്‍ കണക്കുകള്‍ ലോഞ്ചില്‍ വെളിപ്പെടുത്തും.
🔳ടി കെ സി വടുതല, സി അയ്യപ്പന്‍, പി എ ഉത്തമന്‍ തുടങ്ങി പ്രിന്‍സ് അയ്മനം വരെയുള്ള കഥാകൃത്തുക്കളുടെ ഇരുപത്തിമൂന്ന് കഥകള്‍. ‘ഞാറുകള്‍’. എം ആര്‍ രേണുകുമാര്‍. ഒലീവ് പബ്ളിക്കേഷന്‍സ്. വില 228 രൂപ.
🔳ഒരു പുതിയ പഠനമനുസരിച്ച്, അരി ശരിയായി പാകം ചെയ്തില്ലെങ്കില്‍ അത് അപകടകരവും അനാരോഗ്യകരവുമാണ്. ഇത് ക്യാന്‍സറിന് കാരണമാകുകയും ചെയ്യും. രാസവസ്തുക്കളുടെ മായം കലര്‍ത്തലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുന്നു. പൂര്‍ണമായും വേവിക്കാത്ത അരി ഭക്ഷണമായി കഴിക്കുന്നത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കും. ഇംഗ്ലണ്ടിലെ ക്വീന്‍സ് യൂണിവേഴ്സിറ്റി ബെല്‍ഫാസ്റ്റിന്റെ പഠനമനുസരിച്ച്, കീടങ്ങളില്‍ നിന്ന് വിളയെ സംരക്ഷിക്കുന്നതിനും നല്ല വിളവ് നല്‍കുന്നതിനും ഉപയോഗിക്കുന്ന രാസവസ്തുക്കളും കീടനാശിനികളും നെല്ലിനെ അങ്ങേയറ്റം അപകടകരമാക്കുന്നു. ഇത് ആര്‍സെനിക് വിഷബാധയ്ക്ക് കാരണമാകുകയും ചെയ്യും. അരി ക്യാന്‍സറിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു കാര്‍സിനോജന്‍ ആണെന്ന് അവകാശപ്പെടുന്ന ഒട്ടേറെ പഠനങ്ങളുണ്ട്. 90 കളില്‍ കാലിഫോര്‍ണിയ ടീച്ചേഴ്സ് സ്റ്റഡി നടത്തിയ പഠനത്തില്‍ സ്ത്രീകളില്‍ സ്തനാര്‍ബുദം ഉള്‍പ്പെടെയുള്ള അര്‍ബുദ സാധ്യതകള്‍ കണ്ടെത്തിയിട്ടുണ്ട്. മൊത്തം 9,400 ആള്‍ക്കാര്‍ ക്യാന്‍സര്‍ ബാധിതരാണെന്ന് കണ്ടെത്തി. ഏറ്റവും സാധാരണമായി കണ്ടെത്തിയത് സ്തനാര്‍ബുദവും ശ്വാസകോശ അര്‍ബുദവുമാണ്. വിവിധ ധാതുക്കളില്‍ അടങ്ങിയിരിക്കുന്ന ഒരു രാസവസ്തുവാണ് ആര്‍സെനിക്. അരിയില്‍ ഉയര്‍ന്ന തോതില്‍ ആര്‍സെനിക് കാണപ്പെടുന്നു, അത് ശരിയായി പാകം ചെയ്തില്ലെങ്കില്‍ വിഷബാധയ്ക്ക് കാരണമാകും. ഗവേഷകര്‍ പറയുന്നതനുസരിച്ച്, അരി പാകം ചെയ്യുന്നതിനുമുമ്പ്, രാത്രി മുഴുവന്‍ വെള്ളത്തില്‍ മുക്കിവയ്ക്കുക. ഇത് ചെയ്യുന്നതിലൂടെ അതിന്റെ വിഷാംശത്തിന്റെ അളവ് 80 ശതമാനം വരെ കുറയ്ക്കാനാകും.