കേരള കലാസാഹിതി ജിദ്ദയിൽ ബിസിനസ് വെബിനാറില്‍ സംഘടിപ്പിച്ചു

ജിദ്ദ: കോവിഡ് കാലത്ത് പ്രവാസം വലിയ വെല്ലുവിളികള്‍ നേരിടുമ്പോള്‍ അവയെ അതിജീവിക്കാനും തിരികെ നാട്ടില്‍ പുതിയ ബിസിനസന് സംരംഭങ്ങളാരംഭിക്കുന്നതിന്റെ സാധ്യതകള്‍ ആരായുന്നതിനുമുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കേരള കലാസാഹിതി, വിപുലമായ ബിസിനസ് വെബിനാര്‍ സംഘടിപ്പിച്ചു.

തൊഴില്‍നഷ്ടവും മറ്റുമായി നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരാകുന്നവര്‍ക്കായി അവരുടെ ഉപജീവനത്തിന് മാര്‍ഗരേഖ നല്‍കുന്നതിനാണ് ജിദ്ദയിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ കേരള കലാസാഹിതി പ്രവാസികള്‍ക്കൊരു സംരംഭക ജാലകം എന്ന ശീര്‍ഷകത്തില്‍ ബിസിനസ് വെബിനാര്‍ സംഘടിപ്പിച്ചത്. സംരംഭകരംഗത്തെ ആറു പ്രമുഖര്‍ അവതരിപ്പിച്ച സെഷനുകള്‍ ജനപങ്കാളിത്തം കൊണ്ടും വിഷയ വൈവിധ്യം കൊണ്ടും
ഏറെ ശ്രദ്ധേയമായി.

കേന്ദ്ര സര്‍ക്കാരിന്റെ കീഴിലെ ചെറുകിട വ്യവസായ വാണിജ്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ജി. എസ് പ്രകാശ് നയിച്ച വെബി്‌നാറില്‍ കേരള സര്‍ക്കാര്‍ വ്യവസായ വാണിജ്യ വകുപ്പിലെ ഉപമേധാവി റഹ്മത്തലി,അഹമ്മദാബാദ് ആസ്ഥാനമായുള്ള സംരംഭക സംഘാടന ഗവേഷണ സ്ഥാപന മേധാവി ശിവന്‍ അമ്പാട്ട്, നോര്‍ക്ക കൊച്ചിന്‍ മേഖലാ മേധാവി രജീഷ് കെ ആര്‍, പ്രമുഖ പരിശീലകനും സംരംഭക സംഘാടകനുമായ അഭിലാഷ് നാരയണന്‍, പ്രമുഖ വ്യവസായ വാണിജ്യ മാര്‍ഗദര്‍ശിയും വനിതാ സംരംഭകയുമായ രേഖാമേനോന്‍ എന്നിവര്‍ കേരളത്തില്‍ ചെറുകിട സംരംഭം തുടങ്ങുന്നതിനുള്ള കേന്ദ്ര – കേരള സര്‍ക്കാര്‍ പദ്ധതികളും അവയ്ക്കായുള്ള ആനുകൂല്യങ്ങളും സംബന്ധിച്ച പഠനാര്‍ഹമായ പ്രഭാഷണങ്ങള്‍ നിര്‍വഹിച്ചു.

സംരംഭം തുടങ്ങാന്‍ കേരള സര്‍ക്കാരിന് ഏതെല്ലാം വിധത്തില്‍ സഹായിക്കാന്‍ കഴിയും, എങ്ങനെയായിരിക്കണം ഒരു സംരംഭം തിരഞ്ഞെടുക്കേണ്ടത്, ഏകജാലക സംവിധാനങ്ങള്‍ എന്തൊക്കെയാണ്, പ്രവാസിയുടെ വായ്പാ സംവിധാനങ്ങള്‍, വനിതാ സംരംഭങ്ങളും അവയുടെ സാധ്യതകളും എന്നീ വിഷയങ്ങളില്‍ വിശദമായ വിജ്ഞാനം പകര്‍ന്നുനല്‍കുന്നതായിരുന്നു വെബിനാര്‍.

സൗദിക്കകത്തും പുറത്തുനിന്നുമായി പത്തോളം രാജ്യങ്ങളില്‍ നിന്നായി നിരവധിപേര്‍ പങ്കെടുത്ത വെബിനാറില്‍ കേരള കലാസാഹിതി പ്രസിഡന്റ് സജി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
മാധ്യമപ്രവര്‍ത്തകനും കേരള കലാസാഹിതി രക്ഷാധികാരിയുമായ മുസാഫിര്‍ ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി അംഗങ്ങളായ റോയ് മാത്യു, അഷ്‌റഫ് കുന്നത്ത് എന്നിവര്‍ വിശിഷ്ടാതിഥികളെ സദസ്സിന് പരിചയപ്പെടുത്തുകയും, നിഷാദ് ശ്രോതാക്കളുടെ സംശയങ്ങള്‍ ക്രോഡീകരിച്ച് അതിഥികളില്‍ നിന്നുള്ള മറുപടി യഥാവസരം നല്‍കുകയും ചെയ്തു. കാര്യവാഹകന്‍ കെ .വി.സന്തോഷ് സ്വാഗതവും, സംഘാടക സമിതി അധ്യക്ഷന്‍ ജി.എസ്. പ്രസാദ് നന്ദിയും പറഞ്ഞു.