Headlines

ജമ്മു കശ്മീരിൽ ഓപ്പറേഷൻ അഖാൽ തുടരുന്നു; ഭീകരർക്കായി കൂടുതൽ സൈനികരെ എത്തിച്ച് തിരച്ചിൽ

ജമ്മു കശ്മീരിൽ ഓപ്പറേഷൻ അഖാൽ മൂന്നാം ദിവസവും തുടരുന്നു. ഏഴു ഭീകരവാദികൾ ഒളിച്ചിരിക്കുന്നു ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, വെള്ളിയാഴ്ച വൈകിട്ടാണ് കുൽഗാമിലെ അഖാലിൽ സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചത്. കഴിഞ്ഞദിവസം നടന്ന ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.

കൊല്ലപ്പെട്ട മൂന്നുപേരും പ്രാദേശിക ഭീകരർ ആണെന്നാണ് റിപ്പോർട്ട്. പാകിസ്താനിൽ നിന്നും നുഴഞ്ഞുകയറിയെത്തിയ ഭീകരരും പ്രദേശത്ത് ഒളിച്ചിരിക്കുന്നു ഉണ്ടെന്നാണ് വിവരം. മേഖലയിലേക്ക് കൂടുതൽ സൈനികരെ എത്തിച്ച് തിരച്ചിൽ തുടരുകയാണ്. സമീപകാലത്തെ ഏറ്റവും വലിയ ഭീകരവിരുദ്ധ നടപടിയാണ് അഖാലിലേതെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.

കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഷിം മൂസയെ ദിവസങ്ങൾക്ക് മുൻപ് ഓപ്പറേഷൻ മഹാദേവിലൂടെ വധിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്‌ച പാകിസ്ഥാനിൽ നിന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ പൂഞ്ചിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്തായി വധിച്ചിരുന്നു.