സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ പ്രൈവറ്റ് സെക്രട്ടറിക്ക് രജിസ്ട്രാറുടെ അധിക ചുമതല. വി സിയുടെ പ്രൈവറ്റ് സെക്രട്ടറിയായ ഗോപിനാണ് ചുമതല നൽകിയത്. ഉത്തരവ് പുറത്തിറക്കി. വി സിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നിയമനം.നിലവിൽ ജോയിൻറ് രജിസ്ട്രാർ കൂടിയാണ് ഗോപിൻ.
സിൻഡിക്കേറ്റ് -വിസി പോര് മൂലം കഴിഞ്ഞ മൂന്ന് മാസങ്ങളായി സർവകലാശാലയിൽ രജിസ്ട്രാർ ഇല്ലായിരുന്നു. ഫെബ്രുവരിയിൽ രജിസ്ട്രാർ മാറിയശേഷം ബിന്ദുകുമാരിക്കായിരുന്നു രജിസ്ട്രാറുടെ ചുമതല നൽകിയിരുന്നത് എന്നാൽ ഇവർ മെയ് മാസത്തിൽ റിട്ടയേർഡ് ആയതിന്ശേഷം മറ്റാരെയും ഈ ചുമതല ഏൽപ്പിച്ചിരുന്നില്ല. ഏതെങ്കിലും സാഹചര്യത്തിൽ രജിസ്ട്രാർ അവധിയിൽ പോകുകയോ ദീർഘകാലം ഇല്ലാതിരിക്കുകയോ ചെയ്‌താൽ 6 മാസത്തിൽ താഴെയുള്ള കാലയളവിലേക്ക് ജോയിൻറ് രജിസ്ട്രാർ പദവിയിൽ ഇരിക്കുന്ന അംഗത്തിന് രജിസ്ട്രാറിന്റെ ചുമതല നൽകാമെന്ന് ഉത്തരവിൽ പറയുന്നു. ഇതിന്റെ പശ്ചാത്തലത്തിൽകൂടിയാണ് പുതിയ മാറ്റം.
അതേസമയം, രൂക്ഷമായ പ്രതിസന്ധിയിലാണ് കേരള – സാങ്കേതിക സർവകലാശാലകൾ കടന്നുപോകുന്നത്. കേരള സർവകലാശാലയിൽ സിൻഡിക്കേറ്റ് അംഗങ്ങളുടെ നിർദ്ദേശങ്ങൾ ജീവനക്കാർ പാലിക്കരുതെന്ന് സർക്കുലർ. വൈസ് ചാൻസിലറുടെ നിർദ്ദേശത്തെ തുടർന്ന് രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പനാണ് സർക്കുലർ ഇറക്കിയത്. മിനി കാപ്പനും ഇടത് സിൻഡിക്കേറ്റ് നിങ്ങളുടെ നിർദ്ദേശത്തെ തുടർന്ന് കെ എസ് അനിൽകുമാറും പൊലീസിലും പരാതി നൽകിയിട്ടുണ്ട്. കേരള സാങ്കേതിക സർവകലാശാലയിൽ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ പോലും നൽകുന്നില്ല. ഭരണ തർക്കത്തെ തുടർന്ന് സിൻഡിക്കേറ്റ് യോഗം ചേരാത്തതാണ് പ്രതിസന്ധിക്ക് കാരണം. വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് പ്രിൻറ് ചെയ്യാൻ പണമില്ല. സോഫ്റ്റ്‌വെയർ , ഇൻറർനെറ്റ് സേവകർക്ക് നൽകാനുള്ള പണവും നൽകാൻ കഴിഞ്ഞിട്ടില്ല. ജീവനക്കാരുടെ ഈ മാസത്തെ ശമ്പളവും പെൻഷനും മുടങ്ങി.സിൻഡിക്കേറ്റ് യോഗം ചേർന്നാലേ ശമ്പളം നൽകുന്നതിന് അടക്കമുള്ള ബജറ്റ് വിഹിതം അനുവദിക്കാൻ കഴിയൂ.