Headlines

രജിസ്ട്രാറുടെ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ഡോ. മിനി കാപ്പൻ; കേരള സർവകലാശാലയിൽ ഭരണ പ്രതിസന്ധി

കേരള സർവകലാശാലയിൽ ഭരണ പ്രതിസന്ധി തുടരുന്നു. രജിസ്ട്രാറുടെ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന ഡോ. മിനി കാപ്പന്റെ അപേക്ഷയിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. മറ്റാർക്കെങ്കിലും ചുമതല കൈമാറുമെന്ന് സൂചന. അതേസമയം സിൻഡിക്കേറ്റ് സസ്പെൻഷൻ റദ്ദാക്കിയ രജിസ്ട്രാർ കെ എസ് അനിൽകുമാർ അയക്കുന്ന ഫയലുകൾ വി സി തീരുമാനമെടുക്കാതെ തിരിച്ചയക്കുകയാണ്.

ജോയിൻറ് രജിസ്ട്രാറുമാരോട് നേരിട്ട് ഫയൽ അയക്കാൻ ആണ് വീണ്ടും വിസി നിർദ്ദേശിക്കുന്നത്. സിൻഡിക്കേറ്റ് യോഗം ഉടൻ ചേരേണ്ടതില്ല എന്നാണ് വിസിയുടെ തീരുമാനം. തിങ്കളാഴ്ച വിസി മോഹനൻ കുന്നുമ്മൽ സർവകലാശാലയിൽ എത്തിയേക്കും.

ഭാരതാംബ വിഷയവുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങളാണ് കേരള സര്‍വകലാശാലയെ അവതാളത്തിലാക്കിയത്. പുതിയ കോഴ്‌സുകളിലേക്കുള്ള അഡ്മിഷനും, പരീക്ഷാനടത്തിപ്പും, സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ദൈനംദിന പ്രവര്‍ത്തനങ്ങളാണ് താളം തെറ്റിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് വന്‍കുതിപ്പിന് തയ്യാറെടുക്കുന്ന ഒരു സംസ്ഥാനത്താണ് സര്‍വകലാശാല കേവലം രാഷ്ട്രീയ വൈരത്തിന്റെ വിളനിലമായി മാറുന്നത്.