കേരള സർവകലാശാലയിൽ നാടകീയ നീക്കങ്ങൾ. നിലപാട് കടുപ്പിച്ച് സിൻഡിക്കേറ്റ്. രജിസ്ട്രാറെ തിരിച്ചെടുക്കാൻ ഉത്തരവിറക്കി. ഇന്ന് തന്നെ ചുമതലയെടുക്കാൻ രജിസ്ട്രാർക്ക് നിർദ്ദേശം നൽകി. 4.30 യ്ക്ക് രജിസ്ട്രാർ പ്രൊഫസർ അനിൽകുമാർ യൂണിവേഴ്സിറ്റിയിലെത്തി ചുമതലയെടുത്തു.
ഭാരതാംബ വിഷയത്തിൽ കേരള സർവകലാശാല രജിസ്ട്രാർ കെ.എസ് അനിൽകുമാറിനെ സസ്പെൻഡ് ചെയ്തിരുന്നത്. ഇന്ന് നടന്ന സിൻഡിക്കേറ്റ് യോഗത്തിൽ അനിൽകുമാറിൻ്റെ സസ്‌പെൻഷൻ റദ്ദാക്കിയിരുന്നു. സിൻഡിക്കേറ്റിന്റെ അധികാര പരിധി ഉപയോഗിച്ച് വി സിയുടെ വിയോജിപ്പ് തള്ളിക്കൊണ്ടാണ് തീരുമാനം. രജിസ്ട്രാറുടെ സസ്‌പെൻഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ പോലും താൽക്കാലിക വി സിയായ സിസ തോമസ് തയ്യാറായിരുന്നില്ല. എന്നാൽ വി സിയും സിൻഡിക്കേറ്റിന്റെ ഭാഗമാണെന്ന നിലയിൽ വോട്ട് ചെയ്താണ് സസ്‌പെൻഷൻ റദ്ദാക്കിയിരിക്കുന്നത്. ഇടത് അംഗങ്ങളുടെയും കോൺഗ്രസ് അംഗങ്ങളുടെയും വൻ ഭൂരിപക്ഷ വോട്ടുകളോടെയാണ് സസ്‌പെൻഷൻ നടപടി റദ്ദാക്കിയത്.
വിസി മോഹനൻ കുന്നുമ്മലാണ് രജിസ്ട്രാർ അനിൽ കുമാറിനെ സസ്പെൻഡ് ചെയ്തത്. നിലവിൽ മോഹനൻ കുന്നുമ്മൽ വിദേശ സന്ദർശനത്തിലാണ്. പകരം ചുമതല വഹിക്കുന്നത് ഡിജിറ്റൽ യൂണിവേഴ്സിറ്റി വി സി സിസ തോമസാണ്. രജിസ്ട്രാറുടെ സസ്പെൻഷൻ നടപടി നിലവിൽ ഹൈകോടതിയുടെ പരിഗണനയിലാണ്.