ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ദയനീയ പരാജയം. ഇന്നിംഗ്‌സിനും 78 റൺസിനുമാണ് ഇന്ത്യ പരാജയപ്പെട്ടത്. രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യ 278 റൺസിന് ഓൾ ഔട്ടായി. ആദ്യ ഇന്നിംഗ്‌സിൽ 78 റൺസ് മാത്രമാണ് ഇന്ത്യയെടുത്തത്. ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്‌സിൽ 432 റൺസ് എടുത്തിരുന്നു
നാലാം ദിനമായ ഇന്ന് 2ന് 215 റൺസ് എന്ന ശക്തമായ നിലയിലാണ് ഇന്ത്യ ബാറ്റിംഗ് പുനരാരംഭിച്ചത്. എന്നാൽ ഇതേ സ്‌കോറിൽ പൂജാര പുറത്തായി. 91 റൺസാണ് പൂജാരയുടെ സമ്പാദ്യം. സ്‌കോർ 237ൽ നിൽക്കെ 55 റൺസെടുത്ത കോഹ്ലിയും പുറത്തായി. പിന്നീട് ഇന്ത്യൻ ഇന്നിംഗ്‌സ് ചീട്ടുകൊട്ടാരം പോലെ തകർന്നുവീണു
രഹാനെ 10 റൺസിനും റിഷഭ് പന്ത് ഒരു റൺസിനും പുറത്തായി. ജഡേജ 25 പന്തിൽ 30 റൺസെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി റോബിൻസൺ 5 വിക്കറ്റുകളും ഒവർട്ടൺ മൂന്നും ആൻഡേഴ്‌സൺ, മൊയിൻ അലി എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി