2021-ലെ മികച്ച പ്രകടനത്തിനുള്ള ഐസിസിയുടെ വനിതാ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാനയ്ക്ക്. റേച്ചൽ ഹെയ്ഹോ ഫ്ളിന്റിന്റെ പേരിൽ അറിയപ്പെടുന്ന പുരസ്‌കാരമാണ് മന്ദാനയ്ക്ക് ലഭിക്കുക. 2021 ലെ മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരം പാകിസ്താൻ പേസർ ഷഹീൻ ഷാ അഫ്രീദിക്ക് ലഭിച്ചു.സർ ഗാരിഫീൽഡ് സോബേഴ്‌സ് പുരസ്‌കാരമാണ് ലഭിക്കുക.
2021-ൽ വിവിധ ഫോർമാറ്റുകളിലായി 22 മത്സരങ്ങൾ കളിച്ച മന്ദാന 38.86 ശരാശരിയിൽ 855 റൺസാണ് അടിച്ചുകൂട്ടിയത്. ഒരു സെഞ്ചുറിയും അഞ്ച് അർധ സെഞ്ചുറികളുമടക്കമാണ് ഈ നേട്ടം.ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കെതിരേ പുറത്തെടുത്ത മികച്ച പ്രകടനമാണ് മന്ദാനയെ പുരസ്‌കാരത്തിന് അർഹയാക്കിയത്.
അതേസമയം, 2021-ൽ കളിച്ച 36 രാജ്യാന്തര മത്സരങ്ങളിൽ നിന്നായി 78 വിക്കറ്റുകളാണ് അഫ്രീദി സ്വന്തമാക്കിയത്.യുഎഇയിൽ നടന്ന ട്വന്റി 20 ലോകകപ്പിൽ പാകിസ്താനു വേണ്ടി തകർപ്പൻ പ്രകടനമാണ് താരം പുറത്തെടുത്തത്. കഴിഞ്ഞ വർഷം 21 ട്വന്റി 20 മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റുകൾ സ്വന്തമാക്കിയ അഫ്രീദി വെറും ഒമ്പത് ടെസ്റ്റുകളിൽ നിന്ന് 47 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.