സ്വപ്‌ന കിരീടം കേരളത്തിലേക്ക് എത്തുമോ; ഐഎസ്എൽ ഫൈനലിൽ ആറാടാൻ ബ്ലാസ്റ്റേഴ്‌സ്

 

ഐഎസ്എല്ലിൽ ആദ്യ കിരീടം ലക്ഷ്യമിട്ട് കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. കലാശപ്പോരിൽ ഹൈദരാബാദ് എഫ് സിയാണ് കേരളത്തിന്റെ എതിരാളികൾ. ഗോവയിലെ ഫത്തോർഡ സ്‌റ്റേഡിയത്തിൽ രാത്രി ഏഴരക്കാണ് ഫൈനൽ. ഏത് ടീം കപ്പടിച്ചാലും അത് അവരുടെ ആദ്യ ഐ എസ് എൽ കിരീടമായിരിക്കും

ഇത് മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ ഫൈനൽ കളിക്കുന്നത്. 2016ലാണ് അവസാനമായി ഫൈനലിലെത്തിയത്. എന്നാൽ മറ്റ് രണ്ട് തവണയെ അപേക്ഷിച്ച് പ്രതീക്ഷകൾ ഇത്തവണ ഏറെയാണ്.

ഗോവയിലെ സ്‌റ്റേഡിയത്തിൽ നൂറ് ശതമാനം കാണികൾക്കും ഫൈനൽ മത്സരം കാണാൻ അനുമതിയുണ്ട്. കേരളത്തിൽ നിന്നടക്കം നിരവധി ബ്ലാസ്റ്റേഴ്‌സ് ആരാധകരാണ് മത്സരം നേരിട്ട് കാണുന്നതിനായി ഗോവയിലെത്തിയിട്ടുള്ളത്. ടിക്കറ്റുകളൊക്കെ നേരത്തെ തന്നെ വിറ്റുതീർന്നിരുന്നു

അതേസമയം സ്വന്തം ജേഴ്‌സിയായ യെല്ലോ ധരിച്ചിറങ്ങാൻ ബ്ലാസ്‌റ്റേഴ്‌സിന് സാധിക്കില്ലെന്ന് ആരാധകരിൽ നിരാശ പടർത്തുന്നുണ്ട്. ഹൈദരാബാദ് എഫ് സിയുടെ ജേഴ്‌സിയും മഞ്ഞയാണ്. ലീഗ് ഘട്ടത്തിൽ കൂടുതൽ പോയിന്റ് നേടിയത് ഹൈദരാബാദ് ആയതിനാൽ യെല്ലോ ജേഴ്‌സി അനുവദിച്ചത് അവർക്കാണ്.

നായകൻ അഡ്രിയാൻ ലൂണ ഫൈനൽ മത്സരത്തിന് കളിക്കാത്തതും ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാണ്. ആരോഗ്യ പ്രശ്‌നങ്ങളുള്ള ലൂണ ഇന്ന് കളിക്കില്ലെന്ന് ഇന്നലെ കോച്ച് ഇവാൻ വുകാമനോവിച്ച് അറിയിച്ചിരുന്നു. അതേസമയം സെമിയിൽ കളിക്കാതിരുന്ന മലയാളി താരം സഹൽ ഇന്നലെ പരിശീലനത്തിന് ഇറങ്ങിയത് ആരാധകരിൽ ആശ്വാസം പകരുന്നുണ്ട്.