പോയിന്റ് ടേബിളിൽ ഒന്നാമതുള്ള മുംബൈ സിറ്റി എഫ്.സിയെ തോൽപിച്ചതിന്റെ ആത്മവിശ്വാസത്തിൽ പന്തുതട്ടാനിറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് പിഴച്ചില്ല. ചെന്നൈയിൻ എഫ്.സിയേയും തോൽപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ നാലിലേക്ക് ഉയർന്നു. ചെന്നൈയിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് ബ്ലാസ്റ്റേഴ്‌സ് സീസണിലെ മൂന്നാം ജയം സ്വന്തമാക്കിയത്.
ജോർജ് പെരേര ദയസ്, സഹൽ സമദ്, അഡ്രിയാൻ ലൂണ എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി ലക്ഷ്യം കണ്ടത്. 9,38,79 മിനുറ്റുകളിലായിരന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഗോളുകൾ.ആദ്യ പകുതി പിന്നിട്ടപ്പോള്‍ തന്നെ കേരള ബ്ലാസ്‌റ്റേഴ്‌സ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുന്നിലായിരുന്നു. കിട്ടിയ ആദ്യ അവസരം തന്നെ ഗോളാക്കി മാറ്റി ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയിനെ ഞെട്ടിക്കുകയായിരുന്നു. ഡയസ് പെരേരയാണ് ബ്ലാസ്റ്റേഴ്‌സിനുവേണ്ടി ആദ്യം ലക്ഷ്യംകണ്ടത്.
ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിന്റെ ആദ്യ നാലിലേക്ക് കടന്നു. ഏഴ് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും മൂന്ന് സമനിലയും ഒരു തോൽവിയുമായി 12 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. രണ്ടാം സ്ഥാനത്തുള്ള ജാംഷഡ്പൂർ എഫ്.സിക്കും പന്ത്രണ്ട് പോയിന്റാണ് ഉള്ളത്. ഒന്നാമതുള്ള മുംബൈ സിറ്റി എഫ്‌സിക്ക് പതിനഞ്ച് പോയിന്റാണ്.
ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയ ശേഷം തുടര്‍ച്ചയായി ആറുമത്സരങ്ങള്‍ തോല്‍വി അറിയാതെ പൂര്‍ത്തിയാക്കിക്കൊണ്ട് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനം കവരുന്ന പ്രകടനമാണ് പുറത്തെടുത്തത്. കഴിഞ്ഞ മത്സരത്തില്‍ കരുത്തരായ മുംബൈ സിറ്റിയെ തകര്‍ത്ത അതേ ടീമിനെ തന്നെ ഇറക്കിയാണ് പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ച് ചെന്നൈയിനെതിരേയും വിജയം നേടിയത്.