അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ മുന്‍ നായകന്‍ എം.എസ് ധോണി അടുത്ത ടി20 ലോക കപ്പിലും കളിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്ന ആവശ്യവുമായി പാകിസ്ഥാന്റെ മുന്‍ താരം ശുഐബ് അക്തര്‍. ‘ബോല്‍വാസിം’ എന്ന യൂട്യൂബ് ചാനലിലാണ് അക്തര്‍ ഇക്കാര്യം പറഞ്ഞത്. അടുത്ത ലോക കപ്പ് ഇന്ത്യയില്‍ നടക്കുന്ന സാഹചര്യത്തില്‍ ധോണിയെ കളിക്കളത്തില്‍ കാണാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അക്തറിന്റെ ആവശ്യം.
‘ധോണി ടി20യിലെങ്കിലും കുറഞ്ഞപക്ഷം അടുത്ത വര്‍ഷത്തെ ടി20 ലോക കപ്പ് വരെയെങ്കിലും കൂടി തുടരണം എന്നായിരുന്നു എന്റെ അഭിപ്രായം. ഇന്ത്യന്‍ ജനത അവരുടെ സൂപ്പര്‍ താരങ്ങളെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന രീതിവെച്ച് ധോണിയെ കുറച്ചുകാലം കൂടി കളത്തില്‍ പിടിച്ചു നിര്‍ത്താമായിരുന്നു. പക്ഷേ, ആത്യന്തികമായി അതു ധോണിയുടെ മാത്രം തീരുമാനമാണ്.’
പ്രധാനമന്ത്രി ആവശ്യപ്പെട്ടാല്‍ താരങ്ങള്‍ക്ക് നിരസിക്കാനാകുമോ? അവസാന ലോക കപ്പ് കളിച്ച് ജയിച്ച് ടീം വിടാന്‍ പ്രധാനമന്ത്രി അദ്ദേഹത്തോട് ആവശ്യപ്പെടണം.’ അക്തര്‍ പറഞ്ഞു.
ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോക കപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ നടന്ന സെമിയാണ് ധോണിയുടെ കരിയറിലെ അവസാന മത്സരം. ഐ.പി.എല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്സ് സംഘടിപ്പിക്കുന്ന ക്യാമ്പിലാണ് ധോണി ഇപ്പോള്‍.