കോപയിൽ അർജന്റീനക്ക് ആദ്യ ജയം; കരുത്തരായ ഉറൂഗ്വെയെ തകർത്തത് ഏകപക്ഷീയമായ ഒരു ഗോളിന്

 

കോപ അമേരിക്കയിൽ അർജന്റീനക്ക് ആദ്യ വിജയം. കരുത്തരായ ഉറൂഗ്വയെ എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന പരാജയപ്പെടുത്തിയത്. ഗൈഡോ റോഡ്രിഗസാണ് അർജന്റീനയുടെ വിജയഗോൾ സ്വന്തമാക്കിയത്.

ആദ്യ മത്സരത്തിൽ സമനില വഴങ്ങേണ്ടി വന്ന അർജന്റീനക്ക് ഇന്ന് വിജയം അനിവാര്യമായിരുന്നു. നാല് മാറ്റങ്ങളുമായാണ് ഇന്ന് അവർ ഇറങ്ങിയത്. 4-3-3 എന്ന ശൈലിയായിരുന്നു മെസ്സി പട സ്വീകരിച്ചത്. തുടക്കത്തിൽ തന്നെ ആക്രമിച്ചു കളിക്കുകയെന്ന നയമാണ് അർജന്റീന സ്വീകരിച്ചത്.

കളിയുടെ പതിമൂന്നാം മിനിറ്റിൽ തന്നെ റോഡ്രഗസിലൂടെ അർജന്റീന ലീഡ് നേടി. മെസ്സിയുടെ ക്രോസിൽ നിന്നും തകർപ്പർ ഹെഡ്ഡറിലൂടെയായിരുന്നു ഗോൾ. റോഡ്രിഗസ് അർജന്റീനക്കായി നേടുന്ന ആദ്യ ഗോൾ കൂടിയാണിത്.

ഗോൾ വഴങ്ങേണ്ടി വന്നതോടെ ഉറൂഗ്വ ആക്രമണം കടുപ്പിച്ചെങ്കിലും അർജന്റീനൻ പ്രതിരോധ ഭിത്തിയെ തകർക്കാൻ സാധിച്ചില്ല. മറുവശത്ത് അർജന്റീനയും ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോളിലേക്ക് എത്തിയില്ല. രണ്ടാംപകുതിയിൽ അർജന്റീന പ്രതിരോധത്തിൽ മുറുകി കളിക്കുന്നതാണ് കണ്ടത്.