രണ്ടാം ടി20യിൽ വിൻഡീസ് പൊരുതി തോറ്റു; ഇന്ത്യക്ക് പരമ്പര സ്വന്തം

 

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20 മത്സരത്തിലും വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി. കൊൽക്കത്ത ഈഡൻ ഗാർഡനിൽ നടന്ന മത്സരത്തിൽ എട്ട് റൺസിനാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് എടുത്തു. മറുപടി ബാറ്റിംഗിൽ വിൻഡീസിന്റെ പോരാട്ടം 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 178 റൺസിൽ അവസാനിച്ചു

നിക്കോളാസ് പൂരനും റോവ്മാൻ പവലും ചേർന്നുള്ള കൂട്ടുകെട്ട് വിൻഡീസിനെ വിജയത്തിലേക്ക് എത്തിക്കുമെന്ന തോന്നലുണ്ടാക്കിയിരുന്നു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ പത്ത് ഓവറിൽ 100 റൺസാണ് അടിച്ചുകൂട്ടിയത്. 18.3 ഓവറിൽ 41 പന്തിൽ മൂന്ന് സിക്‌സും അഞ്ച് ഫോറും സഹിതം 62 റൺസെടുത്ത പൂരൻ പുറത്താകുമ്പോൾ വിൻഡീസ് സ്‌കോർ 159 റൺസാണ്

പവൽ 36 പന്തിൽ അഞ്ച് സിക്‌സും നാല് ഫോറും സഹിതം 68 റൺസുമായും കീറൻ പൊള്ളാർഡ് മൂന്ന് റൺസുമായും പുറത്താകാതെ നിന്നു. നേരത്തെ ബ്രാൻഡൻ കിംഗ് 22 റൺസും മേയേഴ്‌സ് 9 റൺസുമെടുത്ത് പുറത്തായിരുന്നു

നേരത്തെ 52 റൺസെടുത്ത വിരാട് കോഹ്ലിയുടെയും 52 റൺസെടുത്ത റിഷഭ് പന്തിന്റെയും മികവിലാണ് ഇന്ത്യ സ്‌കോർ 186ൽ എത്തിച്ചത്. വെങ്കിടേഷ് അയ്യർ 33 റൺസും രോഹിത് ശർമ 19 റൺസുമെടുത്തു.