ലോർഡ്‌സിൽ ഇന്ത്യ 298ന് ഡിക്ലയർ ചെയ്തു; ഇംഗ്ലണ്ടിന് 272 റൺസ് വിജയലക്ഷ്യം

 

ലോർഡ്‌സ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യ 8ന് 298 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു. 271 റൺസിന്റെ രണ്ടാമിന്നിംഗ്‌സ് ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. മുഹമ്മദ് ഷമിയും ബുമ്രയും ചേർന്ന് ഒമ്പതാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 89 റൺസാണ് ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്

6ന് 186 റൺസ് എന്ന നിലയിലാണ് ഇന്ത്യ അവസാന ദിനമായ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ചത്. 22 റൺസെടുത്ത റിഷഭ് പന്തിനെയും 16 റൺസെടുത്ത ഇഷാന്ത് ശർമയെയും ഇന്ത്യക്ക് തുടക്കത്തിലെ നഷ്ടപ്പെട്ടു. ബാക്കിയുള്ള രണ്ട് വിക്കറ്റുകളും വീഴ്ത്തി ആദ്യ സെഷനിൽ തന്നെ രണ്ടാമിന്നിംഗ്‌സ് ആരംഭിക്കാമെന്ന ഇംഗ്ലണ്ടിന്റെ പ്രതീക്ഷ ഷമിയും ബുമ്രയും ചേർന്ന് തകർക്കുകയായിരുന്നു

ഷമി 70 പന്തിൽ ആറ് ഫോറും ഒരു സിക്‌സും സഹിതം 56 റൺസുമായും ബുമ്ര 64 പന്തിൽ മൂന്ന് ഫോറുകൾ സഹിതം 34 റൺസുമായും പുറത്താകാതെ നിന്നു. നേരത്തെ അജിങ്ക്യ രഹാനെയും(61) ഇന്ത്യക്കായി അർധ ശതകം നേടിയിരുന്നു. പൂജാര 45 റൺസും കോഹ്ലി 20 റൺസും രോഹിത് 21 റൺസുമെടുത്തു

60 ഓവറുകളാണ് ഇന്നിനി ബാക്കിയുള്ളത്. 272 എന്ന വിജയലക്ഷ്യത്തിലേക്ക് ഇംഗ്ലണ്ട് ബാറ്റേന്തുമോ അതോ സമനിലയ്ക്കായി കളിക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്. എന്നാൽ ഇംഗ്ലണ്ട് വിക്കറ്റുകൾ എറിഞ്ഞിട്ട് ലോർഡ്‌സിൽ സ്വപ്‌നതുല്യമായ വിജയമാണ് ഇന്ത്യ കണക്കുകൂട്ടുന്നത്.