ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കിയതറിഞ്ഞത് അവസാന നിമിഷം, ഏകദിന പരമ്പരയിലുണ്ടാകുമെന്നും കോഹ്ലി

 

രോഹിത് ശർമയെ ഏകദിന ക്യാപ്റ്റനായി തെരഞ്ഞെടുത്ത ശേഷമാണ് അക്കാര്യം തന്നെ അറിയിച്ചതെന്ന് വെളിപ്പെടുത്തി വിരാട് കോഹ്ലി. താനുമായി അതിന് മുമ്പ് ചർച്ച നടത്തിയില്ല. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ കളിക്കുമെന്നും കോഹ്ലി വ്യക്തമാക്കി. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോഹ്ലി

ഏകദിന പരമ്പരക്ക് ഞാനുണ്ടാകും. വിശ്രമം വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. പ്രചരിച്ച വാർത്തകൾ വ്യാജമാണ്. ആരാണ് ഇതിന് പിന്നിലെന്ന് തനിക്കറിയില്ല. അക്കാര്യം എഴുതി പിടിപ്പിച്ചവരോട് തന്നെ നിങ്ങൾ ചോദിക്കണം. വലിയ ആവേശത്തോടെയാണ് ദക്ഷിണാഫ്രിക്കൻ പരമ്പരയെ കാണുന്നത്. ഇന്ത്യൻ ടീമിനെ വിജയത്തിലെത്തിക്കാൻ കഴിവിന്റെ പരമാവധി പുറത്തെടുക്കും

ഇന്ത്യൻ ടീമിനായി കളിക്കുകയെന്നതിൽ നിന്ന് ഒന്നിനും എന്നെ തടയാനാകില്ല. ടെസ്റ്റ് ടീമിനെ തെരഞ്ഞെടുക്കുന്നതിന് ഒന്നര മണിക്കൂർ മുമ്പ് മാത്രമാണ് ചീഫ് സെലക്ടർ എന്നെ വിളിച്ചത്. ടെസ്റ്റ് ടീമുമായി ബന്ധപ്പെട്ട് സംസാരിച്ചു. ഫോൺ വെക്കുന്നതിന് തൊട്ടുമുമ്പാണ് ഇനി ഏകദിന ടീമിന്റെ ക്യാപ്റ്റൻ ഞാൻ ആയിരിക്കില്ലെന്ന് ചീഫ് സെലക്ടർ പറഞ്ഞത്

ഞാനും രോഹിതും തമ്മിൽ പ്രശ്‌നങ്ങളൊന്നുമില്ല. കഴിഞ്ഞ രണ്ട് വർഷമായി ഇക്കാര്യം ഞാൻ പറഞ്ഞു കൊണ്ടിരിക്കുകയാണ്. മികച്ച ക്യാപ്റ്റനാണ് രോഹിത്. പരിശീലകൻ രാഹുൽ ദ്രാവിഡുമൊത്ത് രോഹിത് ടീമിനെ മികച്ച നിലയിൽ എത്തിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഇരുവർക്കും എന്റെ എല്ലാ പിന്തുണയുമുണ്ടെന്ന് കോഹ്ലി വ്യക്തമാക്കി.