ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഒന്നാമിന്നിംഗ്‌സിൽ ഇന്ത്യ 223ന് റൺസിന് പുറത്തായി. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ കോഹ്ലിയുടെ തീരുമാനം പാളുന്നതാണ് പിന്നീട് കണ്ടത്.
സ്‌കോർ 33 ആയപ്പോഴേക്കും രണ്ട് ഓപണർമാരും മടങ്ങിയിരുന്നു. പിന്നീട് പൂജാരക്കൊപ്പം ചേർന്ന് കോഹ്ലി സ്‌കോർ 95 വരെ എത്തിച്ചു. 43 റൺസെടുത്ത പൂജാര പുറത്തായതിന് പിന്നാലെ എത്തിയ ബാറ്റ്‌സ്മാൻമാർക്കൊന്നും കാര്യമായ സംഭാവന നൽകാനുമായില്ല
201 പന്തിൽ 12 ഫോറും ഒരു സിക്‌സും സഹിതം 79 റൺസെടുത്ത കോഹ്ലി ഒമ്പതാമനായാണ് പുറത്തായത്. ഏറെക്കാലത്തിന് ശേഷമാണ് കോഹ്ലിയിൽ നിന്ന് ദീർഘമായ ഒരു ഇന്നിംഗ്‌സ് ലഭിക്കുന്നത്. പ്രതിരോധത്തിലൂന്നിയായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിംഗ്.
റിഷഭ് പന്ത് 27 റൺസിനും ഷാർദൂൽ താക്കൂർ 12 റൺസിനും വീണു. മായങ്ക് അഗർവാൾ 15 റൺസും രാഹുൽ 12 റൺസുമെടുത്തു. മാറ്റാരും രണ്ടക്കം തികച്ചില്ല. ദക്ഷിണാഫ്രിക്കക്ക് വേണ്ടി റബാദ നാലും ജാൻസൺ മൂന്നും വിക്കറ്റുകൾ വീഴ്ത്തി. ഒലിവർ, എൻഗിഡി, കേശവ് മഹാരാജ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി
മറുപടി ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കക്ക് ഒരു വിക്കറ്റ് നഷ്ടമായി. 3 റൺസെടുത്ത നായകൻ എൽഗറാണ് പുറത്തായത്. ഒന്നാം ദിനം കളി നിർത്തുമ്പോൾ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തിൽ 17 റൺസ് എന്ന നിലയിലാണ്.