ന്യൂസിലാൻഡിന്റെ എതിരാളികൾ ആര്; രണ്ടാം സെമിയിൽ ഓസീസ്-പാക്കിസ്ഥാൻ പോരാട്ടം ഇന്ന്

ന്യൂസിലാൻഡിന്റെ എതിരാളികൾ ആര്; രണ്ടാം സെമിയിൽ ഓസീസ്-പാക്കിസ്ഥാൻ പോരാട്ടം ഇന്ന്
ടി20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലിൽ ഓസ്‌ട്രേലിയ പാക്കിസ്ഥാനെ നേരിടും. രാത്രി ഏഴരക്ക് ദുബൈ രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. കലാശപ്പോരിൽ ന്യൂസിലാൻഡുമായിട്ടാണ് ഇന്നത്തെ വിജയികൾ മത്സരിക്കേണ്ടത്. ഇന്നലെ നടന്ന ആദ്യസെമിയിൽ ഇംഗ്ലണ്ടിനെ കീഴടക്കിയാണ് ന്യൂസിലാൻഡ് ഫൈനലിൽ പ്രവേശിച്ചത്

ഗ്രൂപ്പ് മത്സരങ്ങളെല്ലാം ജയിച്ചാണ് പാക്കിസ്ഥാൻ സെമിയിലേക്ക് പ്രവേശിച്ചത്. മുൻനിര ബാറ്റ്‌സ്മാൻമാരെല്ലാം മികച്ച ഫോമിലാണ്. ബൗളിംഗിൽ ഹസൻ അലിയും ഹാരിസ് റൗഫും ഷഹീൻ ഷായും എതിർ നിരയിൽ വിള്ളലേൽപ്പിക്കാൻ ശക്തിയുള്ളവരും.

അതേസമയം കഷ്ടിച്ച് സെമി പ്രവേശനം സാധ്യമാക്കിയ ടീമാണ് ഓസ്‌ട്രേലിയ. പക്ഷേ ഡേവിഡ് വാർണർ അടക്കമുള്ള ബാറ്റ്‌സ്മാൻമാർ ഫോമിലേക്ക് തിരിച്ചെത്തിയത് ഓസീസിന് ആത്മവിശ്വാസം പകരുന്നുണ്ട്. ബൗളിംഗിൽ സ്റ്റാർക്കും സാമ്പയും കമ്മിൻസുമൊക്കെ ഫോമിലാണ്.

ഐസിസി നോക്കൗട്ട് ഇവന്റുകളിൽ ഇതുവരെ പാക്കിസ്ഥാന് ഓസീസിനെ പരാജയപ്പെടുത്താൻ സാധിച്ചിട്ടില്ല. ടി20 ലോകകപ്പ് മത്സരങ്ങളിൽ ആറ് തവണ ഏറ്റുമുട്ടിയപ്പോൾ മൂന്ന് വീതം വിജയങ്ങളാണ് ഇരുവർക്കുമുള്ളത്.