ഐപിഎല്ലിന്റെ പുതിയ സീസണില്‍ നിന്നും പിന്‍മാറിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന മടങ്ങിവന്നേക്കുമെന്ന തരത്തില്‍ നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റെയ്‌ന തന്നെ ഇക്കാര്യം തുറന്നു പറയുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് സിഎസ്‌കെ അദ്ദേഹത്തിന്റെ പകരക്കാരനെ തല്‍ക്കാലത്തേക്കു വേണ്ടെന്നു വച്ചതെന്നും സൂചനകളുണ്ടായിരുന്നു.
എന്നാല്‍ റെയ്‌നയ്ക്കു ഈ സീസണില്‍ സിഎസ്‌കെയിലേക്കു മടങ്ങിവരവ് ഉണ്ടാവാന്‍ സാധ്യത കുറവാണെന്നാണ് ഏറ്റവും പുതിയ വിവരം. താരത്തിന്റെ പകരക്കാരനെ സിഎസ്‌കെ കണ്ടുവച്ചതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ വൈകാതെ തന്നെ സിഎസ്‌കെ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദിവസങ്ങള്‍ക്കു മുമ്പ് ഐസിസിയുടെ പുതിയ റാങ്കിങില്‍ ഒന്നാമതെത്തിയ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ഡേവിഡ് മലാനായിരിക്കും സുരേഷ് റെയ്‌നയ്ക്കു പകരം സിഎസ്‌കെ ടീമില്‍ എത്തിയേക്കുക. ഇംഗ്ലണ്ടിനായി അവസാനത്തെ രണ്ടു ടി20 പരമ്പരകളിലും മികച്ച പ്രകടനമായിരുന്നു 33 കാരനായ താരം കാഴ്‌വച്ചത്. ഓസ്‌ടേലിയക്കെതിരായ അവസാനത്തെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ ടോപ്‌സ്‌കോറര്‍ കൂടിയായിരുന്നു മലാന്‍.
റെയ്‌നയ്ക്കു പകരം മലാനെ ടീമിലേക്കു കൊണ്ടു വരുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി സിഎസ്‌കെയും സ്ഥിരീകരിച്ചിട്ടിട്ടുണ്ട്. റെയ്‌നയുടെ പകരക്കാരനായി മലാനെ ടീമിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. പക്ഷെ അന്തിമ തീരുമാനമെടുത്തിട്ടില്ല.
വളരെ മികച്ച ടി20 താരമാണ് മലാന്‍. റെയ്‌നയെപ്പോലെ ഇടംകൈയന്‍ ബാറ്റ്‌സ്മാനുമാണ് അദ്ദേഹം. എന്നാല്‍ റെയ്‌നയ്ക്കു പകരം മലാനെ കൊണ്ടു വരുന്നതിനെക്കുറിച്ച് ഇനിയും തീരുമാനത്തിലെത്തിയിട്ടില്ലെന്നും സിഎസ്‌കെയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.