കൊച്ചി: മാണിക്കമംഗലം സ്‌ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ നന്ദന പഠനത്തെ സംബന്ധിക്കുന്ന സങ്കടം പറയുന്നതിനാണ് പോലിസിന്റെ ചിരി ഹെല്‍പ് ലൈനിലേക്ക് വിളിച്ചത്. പറഞ്ഞുതീരും മുന്‍പേ പരിഹാരവുമായി പോലിസെത്തി. അയ്യമ്പുഴ ചുള്ളി സ്വദേശിനിയായ നന്ദന പഠിക്കാന്‍ മിടുക്കിയാണ്. നന്ദനയുടെ പിതാവ് കഴിഞ്ഞ ഒമ്പതു മാസമായി അസുഖബാധിതനായി കിടപ്പിലാണ്. ബേക്കറി ജോലി ചെയ്തു വന്നിരുന്ന അമ്മയ്ക്ക് നന്ദനയുടെ പിതാവിനെ ശുശ്രൂഷിക്കേണ്ടതിനാല്‍ അമ്മയ്ക്ക് ജോലിക്ക് പോകാന്‍ കഴിയാതെ വന്നു. കൊവിഡിനെ തുടര്‍ന്ന് സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയതോടെ നന്ദനയുടെ പഠനം പ്രതിസന്ധിയിലായി. ഇതറിഞ്ഞ യുവജന സംഘടനകള്‍ ഇടപെട്ട് നന്ദനയ്ക്ക് ഒരു ടിവി വാങ്ങി നല്‍കി.
എന്നാല്‍ മൊബൈല്‍ ഫോണിന്റെ അഭാവം മൂലം ക്ലാസില്‍ അധ്യാപകര്‍ നല്‍കുന്ന പഠന പ്രവര്‍ത്തനങ്ങള്‍ ചെയ്യാനും, സംശയ നിവാരണം നടത്തുന്നതിനും നിര്‍വ്വാഹമില്ലാതെ വന്നപ്പോഴാണ് പോലിസിന്റെ ഹെല്‍പ്പ് ലൈനിലേക്ക് വിളിച്ച് നന്ദന സങ്കടം പറഞ്ഞത്. നന്ദനയുടെ അവസ്ഥ മനസിലാക്കിയ പോലിസ് ഉടനെ തന്നെ പോലീസ് ആസ്ഥാനത്തു നിന്നും അയ്യമ്പുഴ എസ്എച്ച്ഒ തൃദീപ് ചന്ദ്രനോട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് വീട്ടിലെത്തി അവസ്ഥ മനസിലായ പോലിസ് നന്ദനക്ക് പഠിക്കാന്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കുകയായിരുന്നു.ഫോണ്‍ ലഭിച്ചതോടെ തന്റെ പഠനം ഇന്നി സുഗമമായി മുന്നോട്ടു പോകുമെന്നതിന്റെ സന്തോഷത്തിലാണ് നന്ദന. എസ്‌സിപിഒ മാരായ റെനി , നൈജോ. ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് നന്ദനയ്ക്ക് ഫോണ്‍ എത്തിച്ചു നല്‍കിയത്. കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനായി പോലീസിന്റെ പദ്ധതിയാണ് ചിരിയെന്ന് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു.