ടീമിനെ ജയിപ്പിക്കേണ്ട ഉത്തരവാദിത്വം മുഴുവന്‍ കെയ്ന്‍ വില്യംസണിന്റെ മേല്‍. 14 ആം ഓവര്‍ മുതല്‍ അബ്ദുല്‍ സമദിനെയും കൂട്ടി വില്യംസണ്‍ ആഞ്ഞടിച്ചു. മുന്നോട്ടുള്ള ഓവറുകളില്‍ 12 റണ്‍സെങ്കിലും വേണം റണ്‍നിരക്കിനൊപ്പമെത്താന്‍. നോര്‍ക്കിയയും അശ്വിനുമെല്ലാം കണക്കിന് അടിവാങ്ങുന്നു. മറ്റൊരു അട്ടിമറി ജയം മോഹിച്ച് ഹൈദരാബാദ് ക്യാംപ്. എതിര്‍ഭാഗത്ത് റിക്കി പോണ്ടിങ്ങിന്റെ മുഖം മുറുകി. ജയത്തിനരികെ ഹൈദരാബാദ് എത്തിയിരിക്കുന്നു. എന്നാല്‍ സ്‌റ്റോയിനിസിന്റെ ഒരൊറ്റ ഓവറില്‍ ചിത്രം മാറി; ഡല്‍ഹി ഉയര്‍ത്തെഴുന്നേറ്റു. വില്യംസണ്‍ എന്ന ‘പവര്‍ഹൗസിനെ’ സ്റ്റോയിനിസ് പുറത്താക്കി. ഇവിടെത്തീര്‍ന്നു ഹൈദരാബാദിന്റെ പോരാട്ടവും.
ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഡല്‍ഹി ക്യാപിറ്റല്‍സ് 17 റണ്‍സിന് തോല്‍പ്പിച്ചു. ഡല്‍ഹി ഉയര്‍ത്തിയ 190 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റു ചെയ്ത ഹൈദരാബാദിന്റെ ഇന്നിങ്‌സ് 172 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ജയത്തോടെ ഡല്‍ഹി ഫൈനല്‍ യോഗ്യത നേടി. ചൊവാഴ്ച്ച ഒരിക്കല്‍ക്കൂടി മുംബൈ ഇന്ത്യന്‍സുമായി ശ്രേയസ് അയ്യറും സംഘവും കൊമ്പുകോര്‍ക്കും, ഐപിഎല്‍ കിരീടത്തിനായി. ഹൈദരാബാദിന് വേണ്ടി കെയ്ന്‍ വില്യംസണും (45 പന്തില്‍ 67) അബ്ദുല്‍ സമദുമാണ് (16 പന്തില്‍ 33) കാര്യമായി പൊരുതിയത്. എന്നാല്‍ ഡല്‍ഹി പേസര്‍മാരുടെ സമയോജിത ഇടപെടല്‍ ഹൈദരാാബദിന്റെ കുതിപ്പിന് കടിഞ്ഞാണിട്ടു. മത്സരത്തില്‍ കഗീസോ റബാദയ്ക്ക് നാലു വിക്കറ്റുണ്ട്; മാര്‍ക്കസ് സ്‌റ്റോയിനിസിന് മൂന്നും.
രണ്ടാം ഓവറില്‍ ഡേവിഡ് വാര്‍ണറെ (3 പന്തില്‍ 2) നഷ്ടപ്പെട്ടുകൊണ്ടാണ് ഹൈദരാബാദിന്റെ തുടക്കം. ശേഷം പവര്‍പ്ലേയ്ക്ക് മുന്‍പുതന്നെ പ്രിയം ഗാര്‍ഗും (12 പന്തില്‍ 17) മനീഷ് പാണ്ഡെയും (14 പന്തില്‍ 21) തിരിച്ചുകയറി. തുടര്‍ന്ന് ക്രീസില്‍ ഒരുമിച്ച കെയ്ന്‍ വില്യംസണ്‍ – ജേസണ്‍ ഹോള്‍ഡര്‍ സഖ്യം ഹൈദരാബാദ് സ്‌കോര്‍ബോര്‍ഡിനെ സാവധാനം മുന്നോട്ടുകൊണ്ടുപോയി. 12 ആം ഓവറില്‍ ഹോള്‍ഡര്‍ (15 പന്തില്‍ 11) വീണതോടെയാണ് ഹൈദരാബാദിന്റെ നില വഷളായത്. റണ്‍സടിക്കേണ്ട ഉത്തരവാദിത്വം മുഴുവന്‍ കെയ്ന്‍ വില്യംസണിന് മേലായി. 17 ആം ഓവറില്‍ വില്യംസണ്‍ (45 പന്തില്‍ 67) കൂടി പുറത്തായതോടെ ഹൈദരാബാദിന്റെ വീര്യം അവസാനിച്ചു. വാലറ്റത്ത് ബാറ്റ്‌സ്മാന്മാരെ ‘ചുരുട്ടിക്കൂട്ടാന്‍’ റബാദയ്ക്ക് വലിയ ബുദ്ധിമുട്ടുണ്ടായില്ല.