ധോണിക്ക് രക്ഷിക്കാനായില്ല, ഹൈദരാബാദിനോടും ചെന്നൈ തോറ്റു

ദുബായ്: ചെന്നൈ സൂപ്പര്‍ കിങ്‌സിന് വീണ്ടും തോല്‍വി. സണ്‍റൈസേഴ്‌സിന് എതിരെയും ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് തോല്‍വി രുചിച്ചു. ഹൈദരാബാദ് ഉയര്‍ത്തിയ 165 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ചെന്നൈയുടെ പോരാട്ടം 157 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. സീസണില്‍ ചെന്നൈയുടെ തുടര്‍ച്ചയായ മൂന്നാമത്തെ തോല്‍വിയാണിത്. ക്രീസില്‍ നേരത്തെ കടന്നുവന്നിട്ടും ടീമിനെ ജയിപ്പിക്കാന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിക്ക് കഴിഞ്ഞില്ല. തോല്‍വിയോടെ ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് അവസാനസ്ഥാനത്ത് തുടരുകയാണ്. ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാറും ടി നടരാജനും അബ്ദുല്‍ സമദും ഓരോ വിക്കറ്റുവീതം വീഴ്ത്തി. നാലോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങിയ ലെഗ് സ്പിന്നര്‍ റാഷിദ് ഖാനും ഹൈദരാബാദിന്റെ ജയത്തില്‍ നിര്‍ണായകമായി.

 

പവര്‍പ്ലേ ഓവര്‍ തീരും മുന്‍പുതന്നെ 3 മുന്‍നിര ബാറ്റ്‌സ്മാന്മാരെ നഷ്ടപ്പെട്ടതാണ് ചെന്നൈയ്ക്ക് വിനയായത്. മൂന്നാം ഓവറില്‍ ഭുവനേശ്വര്‍ കുമാര്‍ ഷെയ്ന്‍ വാടസണിനെ (1) മടക്കി. ശേഷം ആറാം ഓവറില്‍ നടരാജന്‍ റായുഡുവിനെയും (8) തിരിച്ചയച്ചു. ഇതേ ഓവറില്‍ത്തന്നെ ക്രീസില്‍ താളംകണ്ടെത്തിയ ഫാഫ് ഡുപ്ലെസി റണ്ണൗട്ടായി മടങ്ങിയതോടെ ചെന്നൈ പ്രതിസന്ധിയിലായി. ഇല്ലാത്ത റണ്ണിനായി കേദാര്‍ ജാദവ് ഓടാന്‍ ശ്രമിച്ചതാണ് ഡുപ്ലെസിയുടെ പുറത്താകലിന് വഴിയൊരുക്കിയത്. 19 പന്തില്‍ 4 ഫോറടക്കം 22 റണ്‍സ് ഡുപ്ലെസി നേടി. ശേഷം നായകന്‍ എംഎസ് ധോണിയാണ് ക്രീസില്‍ കടന്നുവന്നത്. എന്നാല്‍ ലക്ഷ്യത്തിലേക്ക് അതിവേഗം ബാറ്റുവീശാന്‍ ധോണി തയ്യാറായില്ല. റാഷിദ് ഖാനെതിരെ താരം പ്രതിരോധത്തില്‍ കാലൂന്നി. ഇതിനിടെ കേദാര്‍ ജാദവിനെ അബുദല്‍ ജാദവ് പുറത്താക്കിയതോടെ നാലിന് 42 എന്ന നിലയിലേക്ക് ചെന്നൈ അധഃപതിച്ചു.

 

17 ആം ഓവറിലാണ് ആക്രമണത്തിനുള്ള സന്നദ്ധത ചെന്നൈ അറിയിച്ചത്. ഭുവനേശ്വര്‍ കുമാറിന്റെ 17 ആം ഓവറില്‍ മൂന്നുതവണ തുടര്‍ച്ചയായി ജഡേജ പന്തിനെ അതിര്‍ത്തി കടത്തി. തൊട്ടടുത്ത ഓവറില്‍ നടരാജനെ സിക്‌സറിന് പറത്തി ജഡേജ അര്‍ധ സെഞ്ച്വറിയും തികച്ചു. എന്നാല്‍ ഇതേ ഓവറിലെ നാലാം പന്തില്‍ ജഡേജ പുറത്തായി. നടരാജന്റെ കുത്തിയുയര്‍ന്ന പന്തിനെ സ്‌ക്വയര്‍ ലെഗിലേക്ക് പറത്താന്‍ ശ്രമിച്ചതായിരുന്നു ജഡേജ. എന്നാല്‍ അബ്ദുല്‍ സമദ് പന്തിനെ കൈകളില്‍ ഒതുക്കി. 2 സിക്‌സും 5 ഫോറും ഉള്‍പ്പെടെ 35 പന്തില്‍ 50 റണ്‍സാണ് ജഡേജ കുറിച്ചത്. തുടര്‍ന്നുവന്ന സാം കറന്‍, നേരിട്ട ആദ്യപന്തുതന്നെ സിക്‌സടിച്ച് ചെന്നൈയ്ക്ക് പ്രതീക്ഷ നല്‍കി.

 

നാടകീയത നിറഞ്ഞ 19 ആം ഓവറില്‍ പന്തെടുത്തത് ഭുവനേശ്വര്‍ കുമാറാണ്. എന്നാല്‍ ആദ്യ പന്തിന് പിന്നാലെ താരം പരിക്കേറ്റു പിന്‍വലിഞ്ഞു. ഖലീല്‍ അഹമ്മദിനായി പിന്നീട് ഓവര്‍ പൂര്‍ത്തിയാക്കേണ്ട ഉത്തരവാദിത്വം. ക്രീസില്‍ നിന്നതാകട്ടെ ധോണിയും. ഖലീല്‍ അഹമ്മദിനെ ആദ്യതവണ ഫോറടിച്ചെങ്കിലും ശേഷമുള്ള പന്തുകളില്‍ ബൗണ്ടറി കണ്ടെത്താന്‍ ധോണിക്ക് കഴിഞ്ഞില്ല. എന്നാല്‍ അഞ്ചാം പന്തില്‍ ഒരിക്കല്‍ക്കൂടി പന്ത് അതിര്‍ത്തി പറന്നു. ഒടുവില്‍ 6 പന്തില്‍ 28 റണ്‍സെന്ന സമവാക്യത്തിലേക്കാണ് അവസാന ഓവര്‍ വന്നെത്തിയത്. 18 -കാരന്‍ അബുദല്‍ സമദിനെയാണ് വാര്‍ണര്‍ പന്തേല്‍പ്പിച്ചത്. ക്രീസില്‍ നിന്നതാകട്ടെ ധോണിയും. ആദ്യ പന്ത് ‘ഫോര്‍ വൈഡ്’ പോയി. ശേഷമൊരു ഡബിള്‍.

 

നേരത്തെ, ടോസ് ജയിച്ച് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ കുറിക്കുകയായിരുന്നു. 26 പന്തില്‍ 51 റണ്‍സെടുത്ത യുവതാരം പ്രിയം ഗാര്‍ഗാണ് ഹൈദരാബാദിന്റെ ടോപ്‌സ്‌കോറര്‍. മത്സരത്തില്‍ ദീപക് ചഹറിനും ശാര്‍ദ്ധുല്‍ താക്കൂറിനും രണ്ടു വിക്കറ്റുണ്ട്. പിയൂഷ് ചൗളയ്ക്ക് ഒന്നും.