അബുദാബി: ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ‘കഥ കഴിച്ചു’ വരുണ്‍ ചക്രവര്‍ത്തി. ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഷിമ്രോണ്‍ ഹെറ്റ്മയര്‍, മാര്‍ക്കസ് സ്‌റ്റോയിനിസ്, അക്‌സര്‍ പട്ടേല്‍ — പേരുകേട്ട ഡല്‍ഹി ബാറ്റ്‌സ്മാന്മാര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ പന്തിന്റെ ഗതിയറിയാതെ കുഴങ്ങിയപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കാര്യങ്ങള്‍ എളുപ്പമായി. 195 റണ്‍സിലേക്ക് ബാറ്റുവീശിയ ഡല്‍ഹിയുടെ പോരാട്ടം 135 റണ്‍സില്‍ അവസാനിച്ചു. ഇതോടെ കൊല്‍ക്കത്ത നിര്‍ണായകമായ ജയം പിടിച്ചെടുത്തു; ഒപ്പം പ്ലേ ഓഫ് സാധ്യതകളും നിലനിര്‍ത്തി.
തകര്‍ച്ചയോടെയാണ് ഡല്‍ഹി ബാറ്റിങ് ആരംഭിച്ചത്. ആദ്യ പന്തില്‍ത്തന്നെ പൃഥ്വി ഷായ്ക്ക് പകരമിറങ്ങിയ അജിങ്ക്യ രഹാനെ (0) വിക്കറ്റിന് മുന്നില്‍ കുരുങ്ങി പുറത്തായി. മൂന്നാം ഓവറില്‍ ശിഖര്‍ ധവാന്റെ (6 പന്തില്‍ 6) സ്റ്റംപും തെറിച്ചു. തുടര്‍ന്ന് ശ്രേയസ് – റിഷഭ് പന്ത് കൂട്ടുകെട്ട് സ്‌കോര്‍ബോര്‍ഡ് സാവധാനം ചലിപ്പിച്ചെങ്കിലും വരുണ്‍ ചക്രവര്‍ത്തി രണ്ടോവര്‍കൊണ്ട് ഡല്‍ഹിയെ പടുകുഴിയില്‍ വീഴ്ത്തി. 12 ആം ഓവറില്‍ റിഷഭ് പന്ത് (33 പന്തില്‍ 27) പുറത്തായപ്പോള്‍ വരാനിരിക്കുന്ന അപകടത്തെ കുറിച്ച് ഡല്‍ഹി അറിഞ്ഞില്ല. ഈ സമയം ഡല്‍ഹി സ്‌കോര്‍ മൂന്നിന് 73. 14 ആം ഓവറില്‍ പന്തെടുത്ത ചക്രവര്‍ത്തി ഹെറ്റ്മയറെയും (5 പന്തില്‍ 10) ശ്രേയസിനെയും (38 പന്തില്‍ 47) തുടരെ പറഞ്ഞയച്ചു. 16 ആം ഓവറില്‍ സ്‌റ്റോയിനിസും (6 പന്തില്‍ 6) അക്‌സര്‍ പട്ടേലും (7 പന്തില്‍ 9) ചക്രവര്‍ത്തിക്ക് മുന്നില്‍ വീണതോടെ ഡല്‍ഹി തോല്‍വിയറിഞ്ഞു. വാലറ്റത്ത് പൊരുതിനോക്കാന്‍ രവിചന്ദ്രന്‍ അശ്വിന്‍ (13 പന്തില്‍ 14) ശ്രമിച്ചെങ്കിലും ലക്ഷ്യം ഏറെ അകലത്തായിരുന്നു.