ബാറ്റു ചെയ്യാന്‍ മറന്നു; ഡല്‍ഹിയെ ‘ചുരുട്ടിക്കൂട്ടി’ ബുംറ: മുംബൈ ഫൈനലില്‍

ദുബായ്: നേരാംവണ്ണം ശ്വാസം വിടാന്‍ പോലും ഡല്‍ഹിക്ക് സമയം കിട്ടിയില്ല. സ്‌കോര്‍ബോര്‍ഡില്‍ ആദ്യ റണ്‍ പിറക്കുംമുന്‍പേ മൂന്നു ബാറ്റ്‌സ്മാന്മാര്‍ പുറത്ത്. രണ്ടോവര്‍ കഴിഞ്ഞപ്പോഴേ മത്സരത്തിന്റെ വിധി നിശ്ചയിക്കപ്പെട്ടിരുന്നു. 201 റണ്‍സ് ലക്ഷ്യം മുന്‍പില്‍. ഡല്‍ഹിയുടെ സ്‌കോറാകട്ടെ പൂജ്യം റണ്‍സിന് മൂന്ന് വിക്കറ്റും. ജസ്പ്രീത് ബുംറയും ട്രെന്‍ഡ് ബൗള്‍ട്ടും അക്ഷരാര്‍ത്ഥത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ‘ചുരുട്ടിക്കൂട്ടി’.
പവര്‍പ്ലേയ്ക്ക് മുന്‍പ് ശ്രേയസ് അയ്യറും കൂടി കൂടാരം കയറിയതോടെ വന്‍ത്തോല്‍വി ഡല്‍ഹി മനസില്‍ ഉറപ്പിച്ചു; മുംബൈ ഫൈനലിലേക്കുള്ള ടിക്കറ്റും. ഒരറ്റത്ത് മാര്‍ക്കസ് സ്റ്റോയിനിസും പിടിച്ചുനിന്നത് മാത്രമാണ് ഡല്‍ഹിക്ക് ‘അപവാദം’. അക്‌സര്‍ പട്ടേലിനൊപ്പം ടീമിനെ ജയിപ്പിക്കാന്‍ സ്റ്റോയിനിസ് പരമാവധി ശ്രമിച്ചുനോക്കി. പക്ഷെ സ്‌കോര്‍ബോര്‍ഡിലെ കൂറ്റന്‍ ലക്ഷ്യം ‘ബാലികേറാ മലയായി’ അപ്പോഴേക്കും മാറിയിരുന്നു.

ഫലമോ, ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ മുംബൈ ഇന്ത്യന്‍സിന് 57 റണ്‍സ് ജയം. സ്‌കോര്‍: മുംബൈ 200/5, ഡല്‍ഹി 143/8. ജയത്തോടെ മുംബൈ ഇന്ത്യന്‍സ് ഫൈനലിലെത്തി. തോറ്റെങ്കിലും ഡല്‍ഹിക്ക് ഒരവസരം കൂടിയുണ്ട്. രണ്ടാം ക്വാളിഫയറില്‍ ജയിക്കുന്ന ടീമുമായി ഡല്‍ഹി ഒരിക്കല്‍ക്കൂടി മാറ്റുരയ്ക്കും, ഫൈനല്‍ ബര്‍ത്തിനായി.

ദുരന്തപൂര്‍ണമായിരുന്നു ഡല്‍ഹിയുടെ ബാറ്റിങ്. സ്‌കോര്‍ബോര്‍ഡില്‍ കൂറ്റന്‍ ലക്ഷ്യം നിലനില്‍ക്കെ പൃഥ്വി ഷായും അജിങ്ക്യ രഹാനെയും ശിഖര്‍ ധവാനും ഒരു റണ്‍ പോലും സംഭാവന ചെയ്യാതെ തിരിച്ചുകയറി. ഫലമോ, കളി തുടങ്ങും മുന്‍പേ ഡല്‍ഹിയുടെ ആത്മവിശ്വാസം കെട്ടു. പതിവുപോലെ പൃഥ്വി ഷാ പുറത്തേക്ക് പോയ പന്തില്‍ അനാവശ്യമായി ബാറ്റുവെയ്ക്കാന്‍ ചെന്നാണ് പൃഥ്വി ഷാ മടങ്ങുന്നത്. ഷായ്ക്ക് പിന്നാലെ തകര്‍പ്പന്‍ ഇന്‍സ്വിങ്ങറില്‍ ബൗള്‍ട്ട് രഹാനെയെയും പുറത്താക്കി.