ഐപിഎൽ 2020: ഗെയ്‌ലില്ലാതെ പഞ്ചാബ്, ഡല്‍ഹി ആദ്യം ബാറ്റു ചെയ്യും

ഐപിഎല്ലിലെ രണ്ടാം മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് ടോസ്. ടോസ് ജയിച്ച പഞ്ചാബ് നായകന്‍ കെഎല്‍ രാഹുല്‍ ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചു. ഗ്ലെന്‍ മാക്‌സ് വെല്‍, നിക്കോളസ് പൂരന്‍, ക്രിസ് ജോര്‍ദന്‍, ഷെല്‍ഡണ്‍ കോട്രല്‍ എന്നീ വിദേശ താരങ്ങളുമായാണ് പഞ്ചാബ് ഇറങ്ങുന്നത്. ഡല്‍ഹിയുടെ പ്ലേയിങ് ഇലവനില്‍ ഷിമ്രോണ്‍ ഹെറ്റ്മയര്‍, കഗീസോ റബാദ, മാര്‍ക്കസ് സ്‌റ്റോയിനിസ്, ആന്ദ്രെ നോര്‍ഞ്ഞ എന്നിവര്‍ അണിനിരക്കും. ദുബായ് രാജ്യാന്തര സ്‌റ്റേഡിയത്തില്‍ വെച്ചാണ് ഡല്‍ഹി ക്യാപിറ്റല്‍ – കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരം. സ്റ്റേഡിയത്തില്‍ കാണികള്‍ക്ക് പ്രവേശനമില്ല.
ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടാത്ത രണ്ടു ടീമുകളാണ് ഡല്‍ഹി ക്യാപിറ്റല്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും. പുതിയ സീസണില്‍ വലിയ മാറ്റങ്ങള്‍ ഇരുപക്ഷത്തും കാണാം. ക്രിസ് ഗെയ്ല്‍, മായങ്ക് അഗര്‍വാള്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, നിക്കോളസ് പൂരന്‍, കെഎല്‍ രാഹുല്‍ – ഈ അഞ്ചു ബാറ്റ്‌സ്മാന്മാരെ ആശ്രയിച്ചാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ബാറ്റിങ് ലൈനപ്പ്.

മുഹമ്മദ് ഷമിയുടെ സാന്നിധ്യം പഞ്ചാബിന് നല്‍കുന്ന ആത്മവിശ്വാസം ഒട്ടും ചെറുതല്ല. ഇതേസമയം, മികച്ച ടീമായിട്ടും കപ്പില്‍ മുത്തമിടാന്‍ കഴിയാത്തത് പഞ്ചാബിന് കല്ലുകടിയാവുന്നു. എന്തായാലും ഇത്തവണ കെഎല്‍ രാഹുലിന് കീഴിലാണ് ടീം ഐപിഎല്‍ കളിക്കുന്നത്. പിന്നണിയില്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതാകട്ടെ അനില്‍ കുംബ്ലെയും. പുതിയ നായകന്‍ ടീമില്‍ ഭാഗ്യംകൊണ്ടുവരുമോയെന്ന് കണ്ടറിയാം.

 

മറുഭാഗത്ത് സന്തുലിതമായ ടീമിനെയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് വാര്‍ത്തെടുത്തിരിക്കുന്നത്. നിരയില്‍ യുവത്വവും പരിചയസമ്പത്തും നിറഞ്ഞുനില്‍ക്കുന്നു. വെടിക്കെട്ട് ബാറ്റ്‌സ്മാന്മാരാണ് ടീമില്‍ മുഴുവന്‍. ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവര്‍ മുന്‍നിരയിലുണ്ട്. മധ്യനിരയില്‍ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഷിമ്രോണ്‍ ഹെറ്റ്മയറിനെയാകും ഡല്‍ഹി നിയോഗിക്കുക. ആവശ്യമെന്ന് കണ്ടാല്‍ മാര്‍ക്കസ് സ്‌റ്റോയിനിസിന്റെ സേവനവും ഡല്‍ഹിക്ക് ലഭ്യമാണ്. ഇതേസമയം, രാജസ്താനില്‍ നിന്നും വാങ്ങിയ അജിങ്ക്യ രഹാനെയെ എവിടെ കളിപ്പിക്കുമെന്നതാണ് ഡല്‍ഹി ആരാധകര്‍ക്കുള്ള സംശയം. എന്തായാലും രഹാനെയ്ക്ക് പരിശീലകന്‍ പോണ്ടിങ് നിശ്ചയിച്ചിരിക്കുന്ന റോള്‍ എന്താണെന്ന് വൈകാതെ അറിയാം. വൈവിധ്യമാര്‍ന്ന ബൗളിങ് നിരയും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സവിശേഷതയാണ്.

 

മുന്‍ പഞ്ചാബ് നായകന്‍ അശ്വിന്‍ ഇത്തവണ ഡല്‍ഹിക്കൊപ്പമുണ്ട്. സന്ദീപ് ലാമിച്ഛാനെയും അമിത് മിശ്രയും ടീമിലെ ലെഗ് സ്പിന്നര്‍മാരുടെ കോളം തികയ്ക്കുന്നു. കഗീസോ റബാദയാണ് ഡല്‍ഹിയുടെ കുന്തമുന. ഇതേസമയം മറ്റൊരു പേസറായ ഇഷാന്ത് ശര്‍മയ്ക്ക് പരിക്കേറ്റത് ഡല്‍ഹി ക്യാംപില്‍ ആശങ്ക പടര്‍ത്തുന്നുണ്ട്. എന്തായാലും കടലാസില്‍ സന്തുലിതമായ ടീമിനെ സൃഷ്ടിക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് കഴിഞ്ഞിട്ടുണ്ട്. കളത്തിലും ഡല്‍ഹി തകര്‍ത്താടുമോയെന്നാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.