സ്പിൻ ബൗളുകളെ ക്രീസിന് വെളിയിൽ നിന്നും സിക്‌സർ പറത്തുന്ന ദാദ. ഓഫ്‌സൈഡ് പൂട്ടാൻ എതിർ ക്യാപ്റ്റന്മാർ വിയർക്കുന്ന രംഗം, ക്രിക്കറ്റ് ചരിത്രം പേറുന്ന ലോഡ്‌സിൽ ജഴ്‌സിയൂരിയുള്ള ഐതിഹാസിക അഹ്ലാദ പ്രകടനംഅങ്ങനെ ഇന്ത്യൻ ക്രിക്കറ്റിൻറെ പുതുയുഗത്തിന് തുടക്കം കുറിച്ച ക്യാപ്റ്റനാണ് സൗരവ് ഗാംഗുലി. നിലവിൽ ബി.സി.സി.ഐ പ്രസിഡൻറ് കൂടിയായ ഗാംഗുലി ഇന്ന് 48ാം പിറന്നാൾ ആഘോഷിക്കുകയാണ്.
ഇന്ത്യയിലെ ഏറ്റവും സ്വാധീനം ചെലുത്തിയ നായകനായിരുന്നു സൗരവ് ഗാംഗുലി. ഇന്ത്യൻ ക്രിക്കറ്റിൻറെ പുതുയുഗത്തിന് തുടക്കം കുറിച്ച ക്യാപ്റ്റൻ. ഒട്ടനവധി യുവതാരങ്ങളെ രാജ്യത്തിന് സമ്മാനിച്ച നായകൻ. ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാൻമാരിൽ ഒരാൾ. ‘ഓഫ്‌സൈഡ് കിങ്’.. അങ്ങനെ നീളുന്നു ദാദയുടെ വിശേഷണങ്ങൾ.
അരങ്ങേറ്റ മത്സരത്തിൽ തന്നെ ക്ഷമയോടെ 435 മിനിറ്റ് ക്രീസിൽ നിന്ന് 131 റൺസെടുത്ത് ലോക ക്രിക്കറ്റിലേക്ക് വരവറിയിച്ച ദിനം.
113 ടെസ്റ്റുകളും 311 ഏകദിനങ്ങളും ഇന്ത്യക്കായി കളിച്ചു. ടെസ്റ്റിൽ 7212 റൺസും ഏകദിനത്തിൽ 11,363 റൺസും സ്വന്തമാക്കി. ടെസ്റ്റിൽ 16 ഉം ഏകദിനത്തിൽ 22 ഉം സെഞ്ചുറികൾ. തൻറെ നല്ലകാലം കഴിഞ്ഞു എന്നുതോന്നിയപ്പോൾ ആരുടെയും പഴികൾക്ക് കാത്തുനിൽക്കാതെ 2008-ലെ നാഗ്പുർ ടെസ്റ്റോടെ അദ്ദേഹം പടിയിറങ്ങി.