അബുദാബി: ഐപിഎല്ലില്‍ രാജസ്ഥാന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. അബുദാബിയിലെ ഷെയ്ഖ് സായദ് സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ മുംബൈ ഇന്ത്യന്‍സ് 57 റണ്‍സിന് തോല്‍പ്പിച്ചു. മുംബൈ ഉയര്‍ത്തിയ 194 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്റെ പോരാട്ടം 136 റണ്‍സിലാണ് അവസാനിച്ചത്. മുന്‍നിരയില്‍ ആദ്യ മൂന്നു ബാറ്റ്‌സ്മാന്മാര്‍ പെട്ടെന്നുപുറത്തായതോടെ രാജസ്ഥാന്‍ ഒരിക്കല്‍ക്കൂടി കളി മറക്കുന്നത് ആരാധകര്‍ കണ്ടു.
ഇതേസമയം, ജോസ് ബട്‌ലറുടെ ഒറ്റയാന്‍ പോരാട്ടമാണ് വലിയ മാനക്കേടില്‍ നിന്നും രാജസ്ഥാന്‍ റോയല്‍സിനെ രക്ഷിച്ചത്. 44 പന്തില്‍ 70 റണ്‍സെടുത്ത ജോസ് ബട്‌ലര്‍ 14 ആം ഓവറില്‍ തിരിച്ചുകയറിയതോടെ രാജസ്ഥാന്‍ തോല്‍വി ഉറപ്പിക്കുകയായിരുന്നു. മുംബൈയ്ക്കായി ജസ്പ്രീത് ബുംറ നാലു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ട്രെന്‍ഡ് ബൗള്‍ട്ടും ജെയിംസ് പാറ്റിന്‍സണും രണ്ടുവീതം വിക്കറ്റുകള്‍ സ്വന്തമാക്കി. രാഹുല്‍ ചഹര്‍, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുവീതമുണ്ട്.
വന്‍ത്തകര്‍ച്ചയോടെയാണ് രാജസ്ഥാന്‍ ഇന്നിങ്‌സ് തുറന്നത്. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ത്തന്നെ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിനെ (0) ടീമിന് നഷ്ടമായി. ട്രെന്‍ഡ് ബൗള്‍ട്ടിനെതിരെ തിരഞ്ഞെടുത്ത മോശം ഷോട്ടാണ് യുവതാരത്തിന് വിനയായത്. അടുത്ത ഓവറില്‍ ബുംറ രാജസ്ഥാന്‍ നായകന്‍ സ്മിത്തിനെയും പറഞ്ഞയച്ചു. ബുംറയുടെ ലെങ്ത് പന്തിനെ അടിച്ചകറ്റാന്‍ ശ്രമിച്ചതായിരുന്നു സ്മിത്ത് (6). എന്നാല്‍ പന്ത് ബാറ്റിലുരസി കീപ്പറുടെ കൈകളില്‍ ഭദ്രമായെത്തി. മൂന്നാം ഓവറില്‍ സഞ്ജു സാംസണും വീണതോടെയാണ് രാജസ്ഥാന്‍ പ്രതിസന്ധിയിലായത്. നെഞ്ചളവില്‍ ബൗള്‍ട്ടെറിഞ്ഞ ബൗണ്‍സറിനെ ‘പുള്‍’ ചെയ്യാനുള്ള സഞ്ജുവിന്റെ ശ്രമം വിഫലമായി. രോഹിത് ശര്‍മയ്ക്ക് അനായാസ ക്യാച്ച് നല്‍കി സഞ്ജു മടങ്ങുമ്പോള്‍ രാജസ്ഥാന്‍ സ്‌കോര്‍ബോര്‍ഡ് മൂന്നിന് 12 എന്ന പരിതാപകരമായ നിലയിലായിരുന്നു.
എന്നാല്‍ ജോസ് ബട്‌ലറുടെ മനസാന്നിധ്യം രാജസ്ഥാന് തുണയായി. 14 ആം ഓവര്‍വരെ ബട്‌ലര്‍ ക്രീസില്‍ നിലകൊണ്ടു. ഇതിനിടെ മഹിപാല്‍ ലോമ്രോറിന്റെ (11) വിക്കറ്റ് രാഹുല്‍ ചഹര്‍ കയ്യടക്കുകയുണ്ടായി. പാറ്റിന്‍സണിന്റെ 14 ആം ഓവറിലാണ് ബട്‌ലറുടെ വീഴ്ച്ച. ലോങ് ഓണിലേക്ക് ബട്‌ലര്‍ പായിച്ച ഷോട്ട് കീറോണ്‍ പൊള്ളാര്‍ഡ് അത്യുഗ്രമായി പിടിച്ചെടുക്കുകയായിരുന്നു. 44 പന്തില്‍ 70 റണ്‍സുമായാണ് ബട്‌ലര്‍ മടങ്ങിയത്. 5 സിക്‌സും 4 ഫോറും താരത്തിന്റെ ഇന്നിങ്‌സിലുണ്ട്. ബട്‌ലര്‍ക്ക് ശേഷം രാജസ്ഥാന്‍ ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നു. റണ്‍നിരക്കിന്റെ സമ്മര്‍ദ്ദം അതിജീവിക്കാന്‍ ടോം കറന്‍ (15), രാഹുല്‍ തെവാട്ടിയ (5), ശ്രേയസ് ഗോപാല്‍ (1), ജോഫ്ര ആര്‍ച്ചര്‍ (24), അങ്കിത് രജ്പൂത് (2) എന്നിവര്‍ക്ക് കഴിഞ്ഞില്ല.
നേരത്തെ, ടോസ് ജയിച്ച് ആദ്യം ബാറ്റു ചെയ്ത മുംബൈ ഇന്ത്യന്‍സ് 4 വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ കണ്ടെത്തുകയായിരുന്നു. 47 പന്തില്‍ 79* റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ ടോപ്‌സ്‌കോറര്‍. രാജസ്ഥാന്‍ നിരയില്‍ ലെഗ് സ്പിന്നര്‍ ശ്രേയസ് ഗോപാല്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. ജോഫ്ര ആര്‍ച്ചര്‍ക്കും അരങ്ങേറ്റക്കാരന്‍ കാര്‍ത്തിക്ക് ത്യാഗിക്കും ഓരോ വിക്കറ്റുവീതമുണ്ട്.
ഗംഭീരത്തുടക്കമാണ് രോഹിത് ശര്‍മയും ക്വിന്റണ്‍ ഡികോക്കും മുംബൈക്ക് സമര്‍പ്പിച്ചത്. നാലോവറില്‍ 41 റണ്‍സടിച്ചെടുക്കാന്‍ ഓപ്പണിങ് സഖ്യത്തിന് കഴിഞ്ഞു. അഞ്ചാം ഓവറില്‍ രാജസ്ഥാന് വേണ്ടി പന്തെടുത്ത അണ്ടര്‍ 19 താരം കാര്‍ത്തിക് ത്യാഗിയാണ് രോഹിത് – ഡികോക്ക് കൂട്ടുകെട്ട് പൊളിച്ചത്.
ഓവറിലെ അഞ്ചാം പന്തില്‍ ത്യാഗിയുടെ വേഗമേറിയ ബൗണ്‍സര്‍ ഡികോക്കിന് മടക്കടിക്കറ്റ് നല്‍കി. 3 ബൗണ്ടറിയും 1 സിക്‌സും ഉള്‍പ്പെടെ 15 പന്തില്‍ 23 റണ്‍സുമായാണ് ഡികോക്ക് മടങ്ങിയത്. സൂര്യകുമാര്‍ യാദവിനൊപ്പം ചേര്‍ന്ന് ആക്രമിച്ചു കളിക്കാന്‍ രോഹിത് ശര്‍മ ശ്രമിക്കവയൊണ് ശ്രേയസ് ഗോപാല്‍ മുംബൈക്ക് ഇരട്ടപ്രഹരമേകിയത്. 10 ആം ഓവറിലെ ആദ്യപന്തില്‍ ശ്രേയസിന്റെ ഗൂഗ്ലി പഠിച്ചെടുക്കാന്‍ രോഹിത്തിന് കഴിഞ്ഞില്ല. ലോങ് ഓണില്‍ കാത്ത തെവാട്ടിയയുടെ കൈകളില്‍ അനായാസമായി രോഹിത് ഒതുങ്ങുകയായിരുന്നു. 2 ബൗണ്ടറിയും 3 സിക്‌സും അടക്കം 23 പന്തില്‍ 35 റണ്‍സെടുത്താണ് രോഹിത് തിരിച്ചുകയറിയത്.
തൊട്ടുപിന്നാലെ ക്രീസിലെത്തിയ ഇഷന്‍ കിഷന്‍ ക്ഷമയൊട്ടും കാണിച്ചില്ല. ശ്രേയസ് ഗോപാലിനെ കവറിന് മുകളിലൂടെ പറത്താമെന്ന അമിതവിശ്വാസം താരത്തിന് വിനയായി. സഞ്ജു സാംസണിന്റെ മികവുറ്റ ക്യാച്ചില്‍ ഇഷന്‍ കിഷന് (0) മടങ്ങേണ്ടി വന്നു. 14 ആം ഓവറിലാണ് അടുത്ത വിക്കറ്റുവീഴ്ച്ച. ജോഫ്ര ആര്‍ച്ചറുടെ വേഗം കുറഞ്ഞ പന്തില്‍ ക്രുണാല്‍ പാണ്ഡ്യ തിരിച്ചുകയറി. മിഡ് വിക്കറ്റില്‍ ശ്രേയസ് ഗോപാലിന് എളുപ്പമേറിയ ക്യാച്ച് നല്‍കിയാണ് ക്രുണാല്‍ (17) കൂടാരമണഞ്ഞത്.
ടോം കറന്റെ 16 ആം ഓവറില്‍ സൂര്യകുമാര്‍ യാദവ് സീസണിലെ ആദ്യ അര്‍ധ സെഞ്ച്വറി തികച്ചു. അവസാന ഓവറുകളില്‍ യാദവും പാണ്ഡ്യയും നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് മുംബൈ സ്‌കോര്‍