വാക്‌സിനെടുക്കാത്ത ജോക്കോവിച്ചിനെ ഓസ്‌ട്രേലിയയിൽ തടഞ്ഞുവെച്ചു; താരത്തെ തിരിച്ചയക്കാനും തീരുമാനം

 

കൊവിഡ് വാക്‌സിനെടുക്കാത്ത ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് വിസ നിഷേധിച്ച് ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയൻ ഓപണിനായി എത്തിയ ജോക്കോവിച്ചിനെ 15 മണിക്കൂറിലധികം സമയം മെൽബൺ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു. ജോക്കോവിച്ചിനോട് കാണിച്ചത് മര്യാദാകേടാണെന്ന് സെർബിയ കുറ്റപ്പെടുത്തി. എന്നാൽ നിയമം എല്ലാവർക്കും ബാധകമാണെന്നായിരുന്നു ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ മറുപടി

ഈ മാസം 17 മുതലാണ് ഓസ്‌ട്രേലിയൻ ഓപൺ. ടൂർണമെന്റിൽ പങ്കെടുക്കുന്നവർ രണ്ട് ഡോസ് വാക്‌സിൻ എടുത്തിരിക്കണമെന്നാണ് ചട്ടം. ആരോഗ്യപരമായ പ്രശ്‌നങ്ങൾ ഉള്ളവർക്ക് മാത്രമാണ് ഇളവുള്ളത്. നൊവാക് ജോക്കോവിച്ച് വാക്‌സിൻ വിരുദ്ധനാണ്. ഇന്നലെ ഉച്ചയോടെയാണ് താരം മെൽബണിലെത്തിയത്.

വിമാനത്താവളത്തിൽ ജോക്കോവിച്ചിനെ സുരക്ഷാ സേന തടഞ്ഞു. 15 മണിക്കൂറിലധികം നേരം തടഞ്ഞുവെച്ച ശേഷം താരത്തെ സർക്കാർ നിയന്ത്രണത്തിലുള്ള ഹോട്ടലിലേക്ക് മാറ്റി. താരത്തെ സെർബിയയിലേക്ക് തിരിച്ചയക്കാനാണ് തീരുമാനം. എന്നാൽ ഓസ്‌ട്രേലിയൻ അധികൃതരുടെ തീരുമാനത്തിനെതിരെ അപ്പീൽ നൽകുമെന്ന് ജോക്കോവിച്ചിന്റെ അഭിഭാഷകൻ പറഞ്ഞു.

അതേസമയം സംഭവം നയതന്ത്ര വിഷയമായി മാറുകയും ചെയ്തു. ഓസ്‌ട്രേലിയൻ അംബാസിഡറെ സെർബിയൻ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.