വാണ്ടറേഴ്‌സ് ടെസ്റ്റിന്റെ രണ്ടാമിന്നിംഗ്‌സിലും ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. 2ന് 155 എന്ന ശക്തമായ നിലയിൽ നിന്നും ഇന്ത്യ 6ന് 184 റൺസ് എന്ന നിലയിലേക്ക് തകരുകയായിരുന്നു. 29 റൺസ് എടുക്കുന്നതിനിടെ ഇന്ത്യക്ക് നാല് വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്.
2ന് 85 റൺസ് എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. പൂജാരയും രഹാഹനെയും ചേർന്ന് ഏകദിന ശൈലിയിൽ മൂന്നാം ദിനവും ബാറ്റ് വീശിയതോടെ ഇന്ത്യൻ സ്‌കോർ അതിവേഗത്തിൽ കുതിച്ചു. മൂന്നാംദിനത്തിലെ ആദ്യ പത്തോവറിൽ 51 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്.
പൂജാര 61 പന്തിൽ അർധ സെഞ്ച്വറി തികച്ചു. തൊട്ടുപിന്നാലെ രഹാനെയും അർധ സെഞ്ച്വറി തികച്ചതോടെ ഇന്ത്യ വലിയ സ്‌കോറിലേക്ക് നീങ്ങുമെന്ന പ്രതീക്ഷയായി. എന്നാൽ സ്‌കോർ 155ൽ 58 റൺസെടുത്ത രഹാനെ പുറത്തായി. 78 പന്തിൽ എട്ട് സിക്‌സും ഒരു സിക്‌സും സഹിതമാണ് രഹാനെ 58 റൺസെടുത്തത്
സ്‌കോർ 163ൽ നിൽക്കെ 53 റൺസെടുത്ത പൂജാരയും പുറത്തായി. 10 ഫോറുകൾ സഹിതമാണ് പൂജാര അർധ സെഞ്ച്വറിയിലേക്ക് ബാറ്റേന്തിയത്. റിഷഭ് പന്ത് വെറും മൂന്ന് പന്തുകൾ മാത്രം നേരിട്ട് പൂജ്യത്തിന് പുറത്തായി. 16 റൺസെടുത്ത അശ്വിനും വീണതോടെ ഇന്ത്യക്ക് തകർച്ചയെ അഭിമുഖീകരിക്കുകയാണ്. മത്സരം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് എന്ന നിലയിലാണ്
നാല് റൺസുമായി ഷാർദൂൽ താക്കൂറും ആറ് റൺസുമായി ഹനുമ വിഹാരിയുമാണ് ക്രീസിൽ. ഇന്ത്യക്ക് നിലവിൽ 161 റൺസിന്റെ ലീഡുണ്ട്.